നിങ്ങള്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉളളവരാണോ?, സൂക്ഷിക്കുക, കീശ ചോരാം!

അക്കൗണ്ട് രണ്ടുവര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പശ്ചാത്തലത്തില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈവശം വെയ്ക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ മിനിമം ബാലന്‍സ് എല്ലാ ബാങ്കുകളും നിര്‍ബന്ധമാക്കി വരുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സാമ്പത്തികഭദ്രതയ്ക്ക് തുരങ്കംവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ പല ബാങ്കുകളും മിനിമം ബാലന്‍സ് പരിധി 5000 മുതല്‍ പതിനായിരം രൂപ വരെയായി ഉയര്‍ത്തിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ വിവിധ ബാങ്കുകളിലായി അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ കൈവശം ഉളളവര്‍ 25000 രൂപ മുതല്‍ 50000 രൂപ വരെ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇത്തരത്തില്‍ മാറ്റിവെയ്ക്കുന്ന തുകയില്‍ നിന്നുമുളള ആദായം വളരെ തുച്ഛവുമായിരിക്കും. സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് 3 ശതമാനം മുതല്‍ നാലുശതമാനം വരെ മാത്രമാണ് പ്രതിവര്‍ഷം വരുമാനമായി കിട്ടുക. പകരം സ്ഥിരം നിക്ഷേപമായാണ് ഈ തുക നിക്ഷേപിക്കുന്നതെങ്കില്‍ ഇരട്ടി ആദായം ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മിനിമം ബാലന്‍സ് പരിധി നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ചുമത്തുന്നുണ്ട്. കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈവശം ഉണ്ടെങ്കില്‍, മിനിമം ബാലന്‍സ് പരിധി നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരും. കൂടാതെ ഡെബിറ്റ് കാര്‍ഡ് ചാര്‍ജ് എന്നിങ്ങനെ വിവിധ നിരക്കുകളും ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്. കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈവശമുളളവര്‍ക്ക് ഇതും ഒരു ബാധ്യതയാകും.

അക്കൗണ്ട് രണ്ടുവര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പശ്ചാത്തലത്തില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വരും. അങ്ങനെ വരുമ്പോള്‍ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് പോലുളള സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുമില്ല. പിന്നീട് വീണ്ടും അപേക്ഷ നല്‍കി അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടി വരും.

ഒന്നിലധികം ബാങ്ക്  അക്കൗണ്ടുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സാധ്യതയുണ്ട്. വിവിധ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നത് സാമ്പത്തികമായ അച്ചടക്കത്തിനും തടസ്സം സൃഷ്ടിക്കാം. ഇതിനെല്ലാം പുറമേ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്തും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാവുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com