ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; അപേക്ഷിച്ചാല്‍ ഉടന്‍ പാന്‍

ആധാര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി പാന്‍ നമ്പര്‍ ഉടന്‍ തന്നെ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതിനുളള സംവിധാനമാണ് ആദായനികുതി വകുപ്പ് ആരംഭിക്കുന്നത്
ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; അപേക്ഷിച്ചാല്‍ ഉടന്‍ പാന്‍

ന്യൂഡല്‍ഹി: അപേക്ഷ നല്‍കി ഉടന്‍ തന്നെ പാന്‍ നമ്പര്‍ നല്‍കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. ആധാര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി പാന്‍ നമ്പര്‍ ഉടന്‍ തന്നെ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതിനുളള സംവിധാനമാണ് ആദായനികുതി വകുപ്പ് ആരംഭിക്കുന്നത്. ചുരുങ്ങിയ ആഴ്ചകള്‍ക്കുളളില്‍ പദ്ധതി നടപ്പാക്കുമെന്ന് ആദായനികുതി അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാനാണ് ആദായനികുതി വകുപ്പ് തയ്യാറെടുക്കുന്നത്. ഓണ്‍ലൈനിലൂടെ പാന്‍ നമ്പര്‍ സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് പാന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആധാര്‍ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇത് പരിശോധിക്കുന്ന മുറയ്ക്ക് വണ്‍ ടൈം പാസ്‌വേര്‍ഡ് നല്‍കി നടപടികള്‍ വേഗത്തിലാക്കാനാണ് ആദായനികുതി വകുപ്പ് പദ്ധതിയിടുന്നത്.

ആധാറില്‍ നിന്ന് മേല്‍വിലാസം, അച്ഛന്റെ പേര്, ജനനതീയതി എന്നിവ ലഭ്യമാണ്. ഈ വിവരങ്ങള്‍ ലഭിച്ചാല്‍ ഓണ്‍ലൈനായി പാന്‍ നമ്പര്‍ നല്‍കാന്‍ നിഷ്പ്രയാസം സാധിക്കും. പാന്‍ നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയ ഇ-പാന്‍ അപേക്ഷകന് നല്‍കുന്ന സംവിധാനമാണ് ഒരുക്കുന്നത്.

അതിനിടെ, ക്യൂആര്‍ കോഡ്് ഉപയോഗിച്ച് ജനസംഖ്യ വിവരങ്ങള്‍ സമാഹരിക്കും. അപേക്ഷകന്റെ ചിത്രത്തിന് പുറമേയാണിത്. ക്യൂആര്‍ കോഡിലെ വിവരങ്ങള്‍ വ്യാജ പാന്‍ നിര്‍മ്മിതി തടയാന്‍ സഹായകമാകുമെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ- പാന്‍ അനുവദിച്ചിട്ടുണ്ട്. 62000 പാനുകളാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുളളത്. ഇത് ദേശവ്യാപകമായി നടപ്പാക്കാനാണ് ആദായനികുതി വകുപ്പ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com