റണ്‍വേ റീ കാര്‍പ്പറ്റിങ്: നെടുമ്പാശ്ശേരി വിമാനത്താവളം നാലു മാസത്തേക്ക് പകല്‍ അടച്ചിടുന്നു

റണ്‍വേ റീ കാര്‍പ്പറ്റിങ്: നെടുമ്പാശ്ശേരി വിമാനത്താവളം നാലു മാസത്തേക്ക് പകല്‍ അടച്ചിടുന്നു
റണ്‍വേ റീ കാര്‍പ്പറ്റിങ്: നെടുമ്പാശ്ശേരി വിമാനത്താവളം നാലു മാസത്തേക്ക് പകല്‍ അടച്ചിടുന്നു

കൊച്ചി: റണ്‍വേ നവീകരണ ജോലികള്‍ക്കായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം നാലു മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് ഇരുപത്തിയെട്ടു വരെ വിമാനത്താവളത്തില്‍നിന്നു പകല്‍ സര്‍വീസ് ഉണ്ടാവില്ല. രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം. 

റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ നേരം സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റി. 

നിയന്ത്രണം കാര്യമായി ബാധിക്കുക ഗള്‍ഫ്, ആഭ്യന്തര യാത്രക്കാരെയായിരിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സമയത്ത് ആകെ ഏഴു രാജ്യാന്തര സര്‍വീസുകളാണുള്ളത്. പ്രധാനമായും ഷാര്‍ജ, ദുബായ്, ദോഹ, അബുദാബി, ജിദ്ദ, മസ്‌കത്ത്, സലാല, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍, കോലലംപൂര്‍, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പകല്‍ സമയത്ത് സര്‍വീസ് ഉള്ളത്. ബാക്കിയുള്ളവ ആഭ്യന്തര സര്‍വീസുകളാണ്. 

സര്‍വീസ് പുനക്രമീകരിക്കുന്നതിനാല്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് കാര്യമായ തടസം നേരിടേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുംബൈ, !ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങി ആഭ്യന്തര യാത്രകള്‍ നടത്തുന്ന യാത്രക്കാരെ റണ്‍വെ അടച്ചിടല്‍ ബാധിക്കും. യൂറോപ്പിലേക്കും മറ്റും കണക്ഷന്‍ ഫ്‌ലൈറ്റ് തേടുന്നവരെയും അടച്ചിടല്‍ ബാധിച്ചേക്കും. 

മൂന്നു പാളികളായി റണ്‍വേ പുനര്‍ നിര്‍മിക്കലാണ് നടക്കുന്നത്. പകല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സന്ധ്യയോടെ റണ്‍വേ ഗതാഗതത്തിന് സജ്ജമാക്കും. ഓരോ പത്തു വര്‍ഷം കൂടുമ്പോഴും റണ്‍വേ റീകാര്‍പറ്റിങ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. 1999ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തിന്റെ റണ്‍വേയുടെ ആദ്യ റീകാര്‍പറ്റിങ് 2009ല്‍ നടത്തിയിരുന്നു. കൂടുതല്‍ മികവേറിയരീതിയിലായിരിക്കും ഇത്തവണ റണ്‍വേ നവീകരണം നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com