ബാങ്ക് നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!; ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ബാങ്കുകളിലെ നിക്ഷേപത്തിനുളള ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ബാങ്ക് നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!; ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

മുംബൈ: ബാങ്കുകളിലെ നിക്ഷേപത്തിനുളള ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. വരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിഎംസി ബാങ്ക് പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവില്‍ ബാങ്കുകളിലെ നിക്ഷേപത്തിനുളള ഗ്യാരണ്ടി പരിധി ഒരു ലക്ഷമാണ്. അതായത് ബാങ്ക് പൂട്ടുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഗ്യാരണ്ടി തുകയായി നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് സാരം. ഇതില്‍ ഭേദഗതി വരുത്തി കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സേവിങ്‌സ്, സ്ഥിരം ഉള്‍പ്പെടെ ബാങ്കുകള്‍ അനുവദിക്കുന്ന വിവിധതരം നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ഒരു ലക്ഷം രൂപ വരെയാണ് ഗ്യാരണ്ടി പരിധി. വിവിധ ബാങ്കുകളില്‍ നിക്ഷേപം ഉണ്ടാവുകയും ഈ ബാങ്കുകള്‍ എല്ലാം തന്നെ പൂട്ടുന്ന സ്ഥിതിവിശേഷം സംഭവിച്ചാലും ഗ്യാരണ്ടി തുകയായി മൊത്തം ഒരു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുളളു. ബാങ്ക് നിക്ഷേപങ്ങള്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനിലാണ് ഇന്‍ഷുര്‍ ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com