ഓഹരി വിറ്റഴിച്ച് ഒരു ലക്ഷം കോടി സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് നിര്‍മ്മല

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍
ഓഹരി വിറ്റഴിച്ച് ഒരു ലക്ഷം കോടി സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് നിര്‍മ്മല

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ. 58000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയര്‍ ഇന്ത്യക്കുളളത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന്് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും കൈയാളുന്നത് കേന്ദ്രസര്‍ക്കാരാണ്.

1.02 ലക്ഷം കോടി രൂപയാണ് ബിപിസിഎല്ലിന്റെ മൊത്തം ഓഹരിമൂല്യം. കേന്ദ്രസര്‍ക്കാരിന് 53 ശതമാനം ഓഹരിപങ്കാളിത്തമാണ് ബിപിസിഎല്ലില്‍ ഉളളത്. ഇത് മൊത്തത്തില്‍ വില്‍ക്കനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ 65000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com