'അത്തരം സന്ദേശങ്ങള്‍ വിശ്വസിക്കരുത്, അവ വ്യാജമാണ്'; മുന്നറിയിപ്പുമായി പേടിഎം

കഴിഞ്ഞ കുറച്ചു മാസങ്ങളായി പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ പേടിഎം മുന്നറിയിപ്പ് നല്‍കിയത്
'അത്തരം സന്ദേശങ്ങള്‍ വിശ്വസിക്കരുത്, അവ വ്യാജമാണ്'; മുന്നറിയിപ്പുമായി പേടിഎം

മുംബൈ; ഉപഭോക്താക്കള്‍ വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ. കെവൈസി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുമെന്നും എന്നാല്‍ അതില്‍ വീഴരുത് എന്നുമാണ് വിജയ് ശേഖര്‍ ശര്‍മ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ പേടിഎം മുന്നറിയിപ്പ് നല്‍കിയത്. 

'പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണ്.'അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതോടൊപ്പം നിരവധി പേടിഎം ഉപഭോക്താക്കള്‍ക്ക് ലഭിച്ച വ്യാജ എസ്എംഎസിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. 'ഞങ്ങള്‍ നിങ്ങളുടെ പേടിഎം അക്കൗണ്ടിലെ പണം കുറച്ച് സമയത്തിനുള്ളില്‍ ഹോള്‍ഡ് ചെയ്യും.... നിങ്ങളുടെ പേടിഎം കെവൈസി പൂര്‍ത്തിയാക്കൂ,' എന്നാണ് ഇംഗ്ലീഷില്‍ കിട്ടിയ സന്ദേശത്തില്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നിരവധി പേരാണ് കമ്പനിയുടെ സൈബര്‍ സെല്ലിലും റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാനും പരാതി നല്‍കിയത്. പേടിഎം ജീവനക്കാരെന്ന വ്യാജേന നിരവധി പേരെയാണ് വ്യാജന്മാര്‍ ചതിച്ചത്. ഈ സന്ദേശങ്ങള്‍ കണ്ട് ആശങ്കയിലാകുന്ന ഉപഭോക്താക്കള്‍, സന്ദേശത്തില്‍ പറയുന്ന നമ്പറിലേക്ക് വിളിക്കും. കെവൈസി പൂര്‍ത്തീകരിക്കാന്‍ ഇവരാവശ്യപ്പെടുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. പിന്നാലെ പണവും നഷ്ടപ്പെടും. ഇതാണ് പതിവ്. ഇതിനൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് ശര്‍മ്മയുടെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com