വരുന്നു, ആദായ നികുതിയില്‍ വന്‍ ഇളവുകള്‍; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ഉടന്‍

വ്യക്തിതലത്തില്‍ ഇളവുകള്‍ നല്‍കുന്നത് ചെലവഴിക്കലിന്റെ തോതു വര്‍ധിപ്പിക്കുമെന്നും അതുവഴി സമ്പദ് വ്യവസ്ഥ ചലനാത്മകമാവുമന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്
ധനമന്ത്രി നിര്‍മല സീതാരാമന്‍/ഫയല്‍
ധനമന്ത്രി നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂഡല്‍ഹി: സമ്പദ് രംഗത്തെ മാന്ദ്യാവസ്ഥ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി  കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയിലും സമാനമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി ദായകര്‍ക്ക് അഞ്ചു ശതമാനമെങ്കിലും ആനുകൂല്യം ലഭിക്കുന്ന വിധം ഇളവു പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.

പ്രത്യക്ഷ നികുതി കോഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വ്യക്തിതലത്തില്‍ ഇളവുകള്‍ നല്‍കുന്നത് ചെലവഴിക്കലിന്റെ തോതു വര്‍ധിപ്പിക്കുമെന്നും അതുവഴി സമ്പദ് വ്യവസ്ഥ ചലനാത്മകമാവുമന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

വര്‍ഷം അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവര്‍ക്കായി പത്തു ശതമാനം എന്ന പുതിയ നികുതി സ്ലാബ് അവതരിപ്പിക്കുകയാണ്, സര്‍ക്കാര്‍ ആരായുന്ന മാര്‍ഗങ്ങളില്‍ ഒന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഈ സ്ലാബിന് ഇരുപതു ശതമാനമാണ് നികുതി നിരക്ക്. ഉന്നത വരുമാനക്കാര്‍ക്കുള്ള 30 ശതമാനം നികുതി ഇരുപത്തിയഞ്ചു ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിവാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവില്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് നികുതി നിരക്ക്. അഞ്ചു മുതല്‍ പത്തു ലക്ഷം വരെയുള്ളവര്‍ക്ക് ഇരുപതു ശതമാനവും പത്തു ലക്ഷത്തിനു മുകളില്‍ മുപ്പതു ശതമാനവുമാണ് ആദായ നികുതി നിരക്കുകള്‍. രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com