ഇനി മിസ്ഡ്‌ കോള്‍ യുദ്ധം; ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലും വൊഡാഫോണ്‍ ഐഡിയയും, പുതിയ മാറ്റം ഇങ്ങനെ 

മൊബൈല്‍ കമ്പനികള്‍ക്കിടയിലെ ഇന്റര്‍കണക്ട് യുസേജ് ഫീ യുദ്ധം ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം
ഇനി മിസ്ഡ്‌ കോള്‍ യുദ്ധം; ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലും വൊഡാഫോണ്‍ ഐഡിയയും, പുതിയ മാറ്റം ഇങ്ങനെ 

മുംബൈ: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലും വൊഡാഫോണ്‍ ഐഡിയയും ഔട്ട്‌ഗോയിങ് കോളുകളുടെ റിങ് ഡ്യൂറേഷന്‍ 25 സെക്കന്‍ഡായി കുറച്ചു. മുമ്പ് 35-45 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരുന്നതാണ് ഇപ്പോള്‍ 25 സെക്കന്‍ഡാക്കിയിരിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ക്കിടയിലെ ഇന്റര്‍കണക്ട് യുസേജ് ഫീ (ഐ യു സി) യുദ്ധം ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം. 

എയര്‍ട്ടെല്‍ തങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെ കണക്ഷനുകളിലും ഈ മാറ്റം കൊണ്ടുവന്നപ്പോള്‍ വൊഡാഫോണ്‍ ഐഡിയ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഉപഭോക്താക്കളില്‍ മാത്രമാണ് ഇത് പരീക്ഷിച്ചിരിക്കുന്നത്. 

ഔട്ട്‌ഗോയിങ് കോളുകളുടെ റിങ് സമയം കുറയ്ക്കുന്നതുവഴി മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ തിരിച്ചുവരും എന്നാണ് കണക്കുകൂട്ടലുകള്‍. റിങ് സമയം ചുരുക്കുന്നതിലൂടെ കോളുകള്‍ മിസ്ഡ് കോളായി മാറാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. എടുക്കുന്നതിന് തൊട്ടുമുന്‍പ് കട്ടായി പോകുന്നതിനാല്‍ കോള്‍ ലഭിച്ചയാള്‍ തിരിച്ചുവിളിക്കാന്‍ തയ്യാറാകും. ഇത്തരത്തില്‍ ഏറ്റവുമധികം കോള്‍ ലഭിക്കുന്ന കമ്പനിക്കാണ് ഐ യു സി വഴി നേട്ടമുണ്ടാകുന്നത്. 

കൂടുതല്‍ കോളുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് ജിയോ ഇത്തരത്തില്‍ ഒരു പരിഷ്‌കരണം നടത്തിയതെന്നും ഔട്ട്‌ഗോയിങ് റിങ് സമയം 20 സെക്കന്‍ഡോ അതില്‍ കുറവോ ആയി നിര്‍ത്തുമ്പോള്‍ കോളുകള്‍ മിസ്ഡ് കോളായി മാറുകയും ഇതുവഴി കൂടുതല്‍ കോളുകള്‍ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് എത്തിക്കുകയുമാണ് ജിയോയുടെ ലക്ഷ്യമെന്നാണ് എയര്‍ട്ടെല്‍ വിശദീകരിക്കുന്നത്. എന്നാല്‍ 15-20 സെക്കന്‍ഡ് എന്നത് ലോകവ്യാപകമായി ഉള്ളതാണെന്നും തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് കൂടുതല്‍ മിസ്ഡ് കോളുകള്‍ എത്തുന്നത് സൗജന്യമായി വോയിസ് കോള്‍ അനുവദിക്കുന്നത് കൊണ്ടാണെന്നും ജിയോ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com