എസ്ബിഐ എടിഎം സര്‍വീസ് ചാര്‍ജ്ജുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇപ്രകാരം

അക്കൗണ്ടില്‍ നിശ്ചിത മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നും 20 രൂപ ഈടാക്കും
എസ്ബിഐ എടിഎം സര്‍വീസ് ചാര്‍ജ്ജുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇപ്രകാരം


ന്യൂഡല്‍ഹി : എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ഇടപാടുകാരില്‍ നിന്നും ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് നിരക്ക് പുതുക്കി നിശ്ചയിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രബല്യത്തില്‍ വന്നത്. ഇതനുസരിച്ച് അക്കൗണ്ടില്‍ നിശ്ചിത മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നും 20 രൂപ ഈടാക്കും. 

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് പുതിയ നിയമം ഇപ്രകാരമാണ്.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ള ഇടപാടുകാര്‍ക്ക് പരമാവധി ബാങ്ക് ബാലന്‍സ് 25,000 രൂപയുണ്ടെങ്കില്‍ എസ്ബിഐ എടിഎമ്മില്‍ നിന്നും അഞ്ചു തവണ സൗജന്യമായി പണം പിന്‍വലിക്കാം. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും എട്ടു തവണയും സൗജന്യമായി പണം പിന്‍വലിക്കാം. 

ബാങ്ക് അക്കൗണ്ടില്‍ 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മിനിമം ബാലന്‍സ് ഉള്ളവര്‍ക്ക് എസ്ബിഐ എടിഎമ്മില്‍ നിന്നും പരിധിയില്ലാതെ ഇടപാട് നടത്താം. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും എട്ടു തവണയും സൗജന്യമായി പണം പിന്‍വലിക്കാം. 

ഒരു ലക്ഷത്തിന് മുകളില്‍ കറന്‍സ് അക്കൗണ്ടുള്ള ഇടപാടുകാര്‍ക്ക് പരിധിയില്ലാതെ എസ്ബിഐ, മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാം. എസ്ബിഐ എടിഎമ്മുകളില്‍ മാസം അനുവദിച്ചിട്ടുള്ള പരിധിക്കും കൂടുതല്‍ ഇടപാടു നടത്തിയാല്‍ 10 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നാണ് പരിധിയില്‍ കൂടുതല്‍ ഇടപാട് നടത്തുന്നതെങ്കില്‍ 20 രൂപയും ജിഎസ്ടിയുമാകും പിടിക്കുക.

എസ്ബിഐ എടിഎമ്മുകളില്‍ ബാലന്‍സ് പരിശോധന, പിന്‍ നമ്പര്‍ മാറ്റുക, തുടങ്ങിയ സാമ്പത്തികമല്ലാത്ത ഇടപാടുകള്‍ക്ക് അഞ്ചുരൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിലാണെങ്കില്‍ എട്ടുരൂപയും ജിഎസ്ടിയുമാകും ഈടാക്കുക. 

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഇടപാട് നിഷേധിക്കപ്പെട്ടാല്‍, അക്കൗണ്ട് ഉടമയില്‍ നിന്നും 20 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്. പുതിയ നിയമപ്രകാരം ശമ്പള അക്കൗണ്ട് എസ്ബിഐയുമായി ബന്ധിപ്പിച്ചവര്‍ക്ക്, എസ്ബിഐ എടിഎമ്മുകലിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും പരിധിയില്ലാതെ സൗജന്യ ഇടപാട് നടത്താവുന്നതാണ്. 

മിനിമം ബാലന്‍സ് പരിധി നിശ്ചയിക്കാന്‍ മൂന്നു വ്യത്യസ്ത കാറ്റഗറികളാണ് ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മെട്രോ- അര്‍ബന്‍ സെന്റര്‍ ബ്രാഞ്ചുകള്‍, സെമി അര്‍ബന്‍ ബ്രാഞ്ചുകള്‍, ഗ്രാമീണ ബ്രാഞ്ചുകള്‍ എന്നിങ്ങനെയാണ്. മെട്രോ അര്‍ബന്‍ ശാകകളില്‍ മാസം പരമാവധി ബാലന്‍സ് പരിധി 3000 രൂപയാണ്. സെമി അര്‍ബന്‍ ബ്രാഞ്ചുകളില്‍ 2000 രൂപയും, ഗ്രാമീണ ശാഖകളില്‍ 1000 രൂപയുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 

ആര്‍ടിജിഎസ്, എന്‍ഇഎഫ്റ്റി ഇടപാടുകള്‍ ഓണ്‍ലൈനായി ചെയ്താല്‍ ചാര്‍ജ് നല്‍കേണ്ടതില്ല. അതേസമയം ഈ ഇടപാടുകള്‍ ബ്രാഞ്ചുകളിലൂടെയാണ് ചെയ്യുന്നതെങ്കില്‍ ചാര്‍ജ് നല്‍കണം. ആര്‍ടിജിഎസ് ഇടപാട് ബാങ്ക് വഴി നടത്തിയാല്‍ രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള പണത്തിന് 20 രൂപയും ജിഎസ്ടിയും നല്‍കണം. അഞ്ചുലക്ഷത്തിന് മുകളില്‍ 40 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. 

എന്‍ഇഎഫ്ടി ഇടപാട് ബ്രാഞ്ചുകള്‍ വഴി നടത്തിയാല്‍ 10,000 രൂപ വരേക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് നിരക്ക്. രണ്ട് ലക്ഷത്തിന് മുകളില്‍ 20 രൂപയും ജിഎസ്ടിയും നല്‍കണം. കാഷ് ഡെപ്പോസിറ്റുകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. മാസം മൂന്ന് കാഷ് ഡെപ്പോസിറ്റുകളാണ് ഇനി മുതല്‍ സൗജന്യമായി ചെയ്യാനാകുക. ഇതില്‍ കൂടുതലുള്ള ഓരോ ഇടപാടിനും 50 രൂപയും ജിഎസ്ടിയും നല്‍കണം. പുതിയ നിയമ ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com