ഡെബിറ്റ് കാര്‍ഡ് വഴി ഇനി എന്തും വാങ്ങാം, അതും തവണ വ്യവസ്ഥയില്‍ ; പുതിയ സേവനവുമായി എസ്ബിഐ

ഇടപാട് നടത്തി ഒരു മാസത്തിനു ശേഷം  ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി
ഡെബിറ്റ് കാര്‍ഡ് വഴി ഇനി എന്തും വാങ്ങാം, അതും തവണ വ്യവസ്ഥയില്‍ ; പുതിയ സേവനവുമായി എസ്ബിഐ

കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തവണ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആറുമാസം മുതല്‍ 18 മാസം വരെയാണ് തവണ വ്യവസ്ഥകളുടെ കാലാവധി. ഇടപാടുകാര്‍ക്ക് താങ്ങാനാവുന്നതും സന്തോഷകരവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യത്തിലൂടെ എസ്ബിഐ. 

ഇതനുസരിച്ച്  ഗൃഹോപകരണങ്ങളടക്കം വാങ്ങുന്നതിന്, ഇടപാടുകാര്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അനുയോജ്യ തവണ വ്യവസ്ഥ തെരഞ്ഞെടുക്കാം. ആര് മാസം, ഒമ്പത് മാസം, 12 മാസം 18 മാസം എന്നിങ്ങനെയാണ് തവണ വ്യവസ്ഥകള്‍. പൈന്‍ ലാബ്‌സിന്റെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീന്‍ ഉള്ള വ്യാപാരസ്ഥാപനങ്ങളിലാണ് സൗകര്യം ലഭ്യമാകുക. രാജ്യവ്യാപകമായി 4.5 ലക്ഷത്തിന് മുകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൈന്‍ ലാബ്‌സിന്റെ പിഒഎസ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്.

പ്രോസസിംഗ് ഫീസില്ല. ഡോക്കുമെന്റേഷനും ബാങ്ക് ബ്രാഞ്ച് സന്ദര്‍ശനവും ആവശ്യമില്ല. പുതിയ അപേക്ഷ നല്‍കേണ്ടതില്ല. നിലവിലുള്ള എസ്ബി അക്കൗണ്ട് ബാലന്‍സ് കണക്കിലെടുക്കാതെ തന്നെ തത്സമയം വായ്പ ലഭ്യമാകും. സേവനം ഉപയോഗിക്കാന്‍ ഒരു മിനുട്ടിന് താഴെ സമയം മാത്രം മതിയെന്നാണ് എസ്ബിഐ അറിയിച്ചത്. കൂടാതെ തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് സീറോ കോസ്റ്റ് തവണ വ്യവസ്ഥയുമുണ്ട്. 

ഇടപാട് നടത്തി ഒരു മാസത്തിനു ശേഷം  ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി. നല്ല സാമ്പത്തിക വായ്പാ ചരിത്രവുമുള്ളവര്‍ക്ക് ഈ വായ്പ എടുക്കാം. വായ്പയ്ക്ക് അര്‍ഹത മനസിലാക്കാന്‍ ബാങ്കിലേക്ക്  ഡിസിഇഎംഐ എന്ന് ടൈപ്പ് ചെയ്ത് 567676 എന്ന നമ്പരിലേക്ക്  രജിസ്‌റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി.

ഇടപാടുകാര്‍ക്ക് ആഹ്‌ളാദത്തോടെ ഈ ഉത്സവ സീസണില്‍ ഷോപ്പിംഗ് നടത്താന്‍ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ലഭ്യമാക്കുകയാണ്. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇഎംഐ അടിസ്ഥാനത്തില്‍  ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനു ഇടപാടുകാരെ പ്രാപ്തമാക്കുന്നതാണ് ഈ ഉത്പന്നം. ഇടപാടുകാരുടെ സൗകര്യവും സംതൃപ്തിയും ഉറപ്പാക്കാന്‍ എസ്ബിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ  സാധനങ്ങള്‍ വാങ്ങുവാനും കടലാസ് രഹിതമായി വായ്പ എടുക്കുവാനുമുള്ള പുതിയ ചുവടുവയ്പാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്ന് എസ്ബിഐ ചെയര്‍മാന്‍  രജനീഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com