കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി; നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകും

കേരള ബാങ്ക് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുളള റിസര്‍വ് ബാങ്കിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു
കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി; നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകും

ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പിന് ഒടുവില്‍ കേരള ബാങ്കിന് അനുമതി. കേരള ബാങ്ക് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുളള റിസര്‍വ് ബാങ്കിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നവംബര്‍ ഒന്നിന് ബാങ്ക് യാഥാര്‍ത്ഥ്യമാകും.

സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നത്.നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന വിധം സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. ഏഴുമാസം മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതിക്കായി  അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ മുന്‍കൈയെടുത്ത സുപ്രധാന പദ്ധതിയാണ് കേരള ബാങ്ക് രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും സംയോജിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ഏകീകൃതമായ സഹകരണ ബാങ്ക് രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. 

പ്രതീക്ഷിച്ചപോലെ 18 മാസംകൊണ്ട് കേരള ബാങ്ക് രൂപീകരണ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. റിസര്‍വ് ബാങ്കിന്റെ  തത്വത്തിലുളള അംഗീകാരത്തിനുശേഷം ഒരു വര്‍ഷം പിന്നിടുകയാണ്. ബാങ്ക് തുടങ്ങുന്നതിനെതിരെയുളള കേസുകള്‍ കോടതി മുന്‍പാകെ നിലനില്‍ക്കുന്നുണ്ട്. ഈ കടമ്പകള്‍ എല്ലാം മറികടന്ന് ഉടന്‍ തന്നെ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനുളള തീവ്രശ്രമത്തിലാണ് കേരള സര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com