വായ്പ തിരിച്ചടച്ചില്ല; വിമാനം ബാങ്ക് പിടിച്ചെടുത്തു, ഇന്ത്യയില്‍ ആദ്യം 

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സീ പ്ലെയിന്‍ കണ്ടുകെട്ടി ഫെഡറല്‍ ബാങ്ക്
വായ്പ തിരിച്ചടച്ചില്ല; വിമാനം ബാങ്ക് പിടിച്ചെടുത്തു, ഇന്ത്യയില്‍ ആദ്യം 

കൊച്ചി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സീപ്ലെയിന്‍ കണ്ടുകെട്ടി ഫെഡറല്‍ ബാങ്ക്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പാപ്പരത്ത നിയമം അനുസരിച്ച് ഇത്തരത്തില്‍ ഒരു ബാങ്ക് നടപടി എടുക്കുന്നത് ഇതാദ്യമായാണ്.

സീ പ്ലെയിനിന്റെ ഉടമസ്ഥരായ സീബേര്‍ഡ് സീപ്ലെയിന്‍ ലിമിറ്റഡിന് ഫെഡറല്‍ ബാങ്കുമായി ആറുകോടി രൂപയുടെ ബാധ്യതയാണുളളത്. സര്‍ഫാസി നിയമത്തില്‍ ഒരു വിമാനം കണ്ടുകെട്ടാനുളള വ്യവസ്ഥയില്ല. തുടര്‍ന്ന് പുതിയ പാപ്പരത്ത നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിമാനം കണ്ടുകെട്ടുകയായിരുന്നുവെന്ന് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ബാബു കെ എ പറഞ്ഞു. 

കൊച്ചി വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം കണ്ടുകെട്ടിയത്.ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്താന്‍ ലക്ഷ്യമിട്ട് 2015ലാണ് സീപ്ലെയിന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രയാസമേറിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ പുതിയ ഒരു സീപ്ലെയിന് 13 കോടി രൂപ വില വരും. സീബേര്‍ഡ് സീപ്ലെയിന് 8 കോടി രൂപ വിലമതിക്കുമെന്നാണ് ഫെഡറല്‍ ബാങ്കിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാന്‍ വിദഗ്ധനെ നിയോഗിക്കാനുളള ശ്രമത്തിലാണ് ബാങ്ക്. തുടര്‍ന്ന് സീപ്ലെയിന്‍ വാങ്ങാന്‍ താത്പര്യമുളളവരെ കണ്ടെത്തി വായ്പതുക തിരിച്ചുപിടിക്കുമെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com