ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; പൊതുവിഭാഗങ്ങള്‍ ഉള്‍പ്പെടില്ല

അന്ത്യോദയ(മഞ്ഞ), മുന്‍ഗണന(ചുവപ്പ്) കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുക
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; പൊതുവിഭാഗങ്ങള്‍ ഉള്‍പ്പെടില്ല

ആലപ്പുഴ: പൊതു വിഭാഗം കാര്‍ഡ് ഉടമകള്‍(നീല, വെള്ള) ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടില്ല. കേരളം ഒഴികെയുള്ള രാജ്യത്തിലെ സംസ്ഥാനങ്ങളില്‍ പലയിടത്തും പൊതു വിഭാഗങ്ങള്‍ക്ക് റേഷനില്ലാത്തതാണ് കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഈ കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ വാങ്ങാനാവില്ല. 

അന്ത്യോദയ(മഞ്ഞ), മുന്‍ഗണന(ചുവപ്പ്) കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുക. കേരളത്തിലെ 86.36 ലക്ഷം കാര്‍ഡ് ഉടമകളില്‍ 49.48 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാനാവില്ലെന്ന് വ്യക്തം. 

ഇത് സംബന്ധിച്ച പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കി. പല സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ആവിഷ്‌കരിച്ചത്. 10 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട 5 ക്ലസ്റ്ററുകളായാണ് പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങുന്നത്. 

കര്‍ണാടകവുമായി ചേര്‍ന്നാണ് കേരളത്തിന്റെ ക്ലസ്റ്റര്‍. കേരളത്തിലെ മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്ക് ഇതിലൂടെ കര്‍ണാടകയില്‍ നിന്നും കര്‍ണാടകക്കാര്‍ക്ക് കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം. എന്നാല്‍, മുന്‍ഗണനാ വിഭാഗത്തിലെ കേരളത്തിലേയും കര്‍ണാടകയിലേയും റേഷന്‍ അരി വില വ്യത്യസ്തമാണ്. കേരളത്തില്‍ രണ്ട് രൂപ നിരക്കില്‍ നല്‍കുമ്പോല്‍ കര്‍ണാടകയില്‍ സൗജന്യമായാണ് നല്‍കുന്നത്. വിലയിലെ ഈ പൊരുത്തക്കേട് എങ്ങനെയാണ് പരിഹരിക്കുന്നതെന്ന് വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com