ബാങ്ക് പൊളിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും?; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ബാങ്ക് പൊളിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും?; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നു, തട്ടിപ്പുകള്‍ വര്‍ധിക്കുന്നു... ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇടപാടുകാരുടെ ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. തങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന് സുരക്ഷിതത്വം ഉണ്ടോ എന്ന ചിന്തയുടെ കനം വര്‍ധിച്ചുവരുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈഘട്ടത്തില്‍ നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ബാങ്കിലെ നിക്ഷേപത്തിന് ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. അതായത് ബാങ്ക് തകര്‍ന്നാല്‍ ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുമെന്ന് സാരം. ഇത് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ പിഎംസി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപകരുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ നടപടിക്ക് ഒരുങ്ങുന്നത്.

ബാങ്കിലെ എല്ലാതരത്തിലുളള നിക്ഷേപങ്ങള്‍ക്കും ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. സേവിങ്‌സ്, സ്ഥിരം ഉള്‍പ്പെടെയുളള നിക്ഷേപങ്ങള്‍ക്ക് എല്ലാം ഇത് ബാധകമാണ്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനിലാണ് നിക്ഷേപങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണിത്. ഇതിനായി നിക്ഷേപകരില്‍ നിന്ന് ഡിഐസിജിഎസ് പ്രീമിയം ഈടാക്കുന്നില്ല. ബാങ്കുകളില്‍ നിന്ന് നാമമാത്ര പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.

ബാങ്ക് പൊളിയുന്ന വേളയിലാണ് നിക്ഷേപകര്‍ക്ക് ഈ പണം ഡിഐസിജിഎസ് കൈമാറുന്നത്. ഇതിന്റെ പരിധി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പാര്‍ലമെന്റ് മുഖാന്തരം ഇത് സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com