അക്കൗണ്ടിന്റെ ഉത്തരവാദിത്വം ബാങ്കിന്; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാവുന്ന പണം ഇടപാടുകാരില്‍നിന്ന ഈടാക്കാനാവില്ലെന്ന ഹൈക്കോടതി

ഓവര്‍ഡ്രാഫ്റ്റ്, ക്യാഷ് ക്രഡിറ്റ് സൗകര്യമുള്ള വായ്പ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പിന് വിധേയമായാല്‍ ബാങ്ക് സിവില്‍ കോടതി മുഖേന ഉത്തരവാദികളില്‍ നിന്ന് പണം ഈടാക്കണം എന്ന് കോടതി
അക്കൗണ്ടിന്റെ ഉത്തരവാദിത്വം ബാങ്കിന്; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാവുന്ന പണം ഇടപാടുകാരില്‍നിന്ന ഈടാക്കാനാവില്ലെന്ന ഹൈക്കോടതി

കൊച്ചി: വായ്പ അക്കൗണ്ടുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ പറ്റിക്കപ്പെട്ട്  പണം നഷ്ടമായാല്‍ ആ തുകയുടെ ബാധ്യത അക്കൗണ്ട് ഉടമയുടെ മേല്‍ ചുമത്താനാവില്ലെന്ന്‌ ഹൈക്കോടതി. ഓവര്‍ഡ്രാഫ്റ്റ്, ക്യാഷ് ക്രഡിറ്റ് സൗകര്യമുള്ള വായ്പ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പിന് വിധേയമായാല്‍ ബാങ്ക് സിവില്‍ കോടതി മുഖേന ഉത്തരവാദികളില്‍ നിന്ന് പണം ഈടാക്കണം എന്ന് കോടതി വ്യക്തമാക്കി. 

എന്നാല്‍ അക്കൗണ്ട് ഉടമയുടെ അശ്രദ്ധയെ തുടര്‍ന്നാണ് പണം നഷ്ടമായത് എങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വം അക്കൗണ്ട് ഉടമ തന്നെ വഹിക്കണം. എന്നാല്‍ ആ അശ്രദ്ധയുടെ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയുടെ ചുമലിലേക്ക് എത്രമാത്രം വരുന്നു എന്നത് അന്വേഷണത്തിലെ കണ്ടെത്തണം. അക്കൗണ്ട് ഉടമയില്‍ നിന്ന് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിക്കണം എങ്കില്‍ ആ ഇടപാടില്‍ അക്കൗണ്ട് ഉടമയ്ക്ക് പങ്കുണ്ടെന്ന് സിവില്‍ കോടതി മുഖേന തെളിയിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. 

സിം സ്വാപ് തട്ടിപ്പിലൂടെ അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനിലൂടെ പണം പിന്‍വലിച്ചതിനെതിരെ കൊച്ചിയിലെ ടോണി എന്റര്‍പ്രൈസസ്, ചെറിയാന്‍ സി കരിപ്പാലില്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. 16.25 കോടി രൂപയും, 23 ലക്ഷം രൂപയുമാണ് ഇവര്‍ക്ക് നഷ്ടമായത്. ഇവരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡുപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിച്ചാണ് പണം കവര്‍ന്നത്. 

ബംഗാള്‍, മഹാരാഷ്ട്ര എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് ഈ പണം പോയതെന്ന് ബാങ്ക് കണ്ടെത്തി. ഹര്‍ജിക്കാര്‍ക്ക് മാത്രം അറിയുന്ന ലോഗിന്‍ ഐഡി, പാസ്വേര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവ ചോരുന്നതിന്റെ ഉത്തരവാദികള്‍ അക്കൗണ്ട് ഉടമകള്‍ തന്നെയാണെന്നായിരുന്നു ബാങ്കുകളുടെ വാദം. എന്നാല്‍ തട്ടിപ്പില്‍ അക്കൗണ്ട് ഉടമയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

പണം നഷ്ടപ്പെട്ടതില്‍ ബാങ്കിനാണ് പൂര്‍ണ ഉത്തരവാദിത്വം എന്ന വാദം ഉയര്‍ത്തിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംഭവിക്കുന്നതില്‍ ഇടപാടുകാര്‍ക്ക് ബാധ്യതയില്ലെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാത്രമല്ല ഇടപാടുകാര്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അത് വീണ്ടെടുത്ത് കൊടുക്കേണ്ടത് ബാങ്ക് ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com