ഒന്‍പതു ലക്ഷം കോടി!; റെക്കോര്‍ഡിട്ട് റിലയന്‍സിന്റെ കുതിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th October 2019 02:24 PM |
Last Updated: 18th October 2019 02:24 PM | A+A A- |

മുംബൈ: വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അവതരിപ്പിച്ച് കുതിക്കുന്ന മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മറ്റൊരു റെക്കോര്‍ഡ്. വിപണി മൂല്യം ഒന്‍പതു ലക്ഷം കോടി രൂപ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.
വെളളിയാഴ്ച വ്യാപാരത്തിനിടെ, കമ്പനിയുടെ ഓഹരി വിലയില്‍ രണ്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതോടെയാണ് പുതിയ റെക്കോര്‍ഡ് കമ്പനിയുടെ പേരില്‍ എഴുതപ്പെട്ടത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ റിലയന്‍സിന്റെ ഓഹരി വില 1423 രൂപ വരെ ഉയര്‍ന്നു.
ജനുവരി മുതലുളള കണക്കനുസരിച്ച റിലയന്‍സിന്റെ ഓഹരി വിലയില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ വരുമാനകണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. രണ്ടാം പാദത്തില്‍ നികുതികഴിച്ചുള്ള റിലയന്‍സിന്റെ ലാഭത്തില്‍ 612 ശതമാനംവരെ വര്‍ധനവുണ്ടാകാമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. ജിയോയും റീട്ടെയില്‍ ബിസിനസും കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
റിഫൈനറി മാര്‍ജിന്‍ ഉയര്‍ന്നത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ വരുമാനത്തില്‍ പ്രതിഫലിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്.