ബാങ്ക് സമരം 22ന്; രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും

സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു
ബാങ്ക് സമരം 22ന്; രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും


ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെക്കുക എന്ന ആവശ്യമുയര്‍ത്തി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന്  ഒക്ടോബര്‍ 22ന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കും. സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയായുള്ള ബാങ്ക് ലയനത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് 30 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 22 ന് ട്രേഡ് യൂണിയന്‍ സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ബാങ്ക് പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവിധ ശാഖകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുവെന്നും ബാങ്ക് ഉറപ്പ് നല്‍കി.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

'ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി 22 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നു. അടുത്തിടെ 10 പൊതുമേഖലാ ബാങ്കുകളെ നാല് ബാങ്കുകളായി ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനാണ് തീരുമാനം,'എ ഐ ടി യു സി പ്രസ്താവനയില്‍ അറിയിച്ചു. ബാങ്ക് ലയനം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഏറ്റവും നിര്‍ഭാഗ്യകരവും തീര്‍ത്തും അനാവശ്യവുമാണെന്ന് എ ഐ ടി യു സി പ്രതികരിച്ചു.

കഴിഞ്ഞ മാസവും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.ബി.ഒ.സി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസര്‍മാര്‍ (നോബോ), എന്നീ നാല് ബാങ്ക് യൂണിയനുകളുടെ ഒരു സംഘം ചേന്ന് സമാനമായ വിഷയങ്ങളില്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ യൂണിയനുകളുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26, 27 തിയതികളില്‍ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com