വായ്പയുടെ പലിശ മാറ്റം അറിയിച്ചില്ല ; ബാങ്കിന് അരലക്ഷം രൂപ പിഴ

കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി
വായ്പയുടെ പലിശ മാറ്റം അറിയിച്ചില്ല ; ബാങ്കിന് അരലക്ഷം രൂപ പിഴ

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് സ്വകാര്യ ബാങ്കിന് പിഴ. കൃത്യവിലോപത്തിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം 55,000 രൂപയാണ് പിഴ വിധിച്ചത്. ഫ്‌ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി.  

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കില്‍നിന്ന്  2006 ലാണ് ഫ്‌ളോട്ടിങ് നിരക്കില്‍ 9.25 ശതമാനം പലിശയില്‍ ആര്‍ രാജ്കുമാര്‍ 30 ലക്ഷം രൂപ ഭവനവായ്പ എടുത്തത്. 10 വര്‍ഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്.

ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി മനസ്സിലായി. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചെന്നും ഇദ്ദേഹം കണ്ടെത്തി. വായ്പ അക്കൗണ്ടില്‍ 9.25 ശതമാനത്തിന് പകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും മനസ്സിലാക്കി. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നല്‍കിയെങ്കിലും പരിഹരിക്കാന്‍ ബാങ്ക് തയ്യാറായില്ല.

തുടര്‍ന്ന് ഇദ്ദേഹം ഉപഭോക്തൃ ഫോറത്തെ പരാതിയുമായി സമീപിക്കുകയായിരുന്നു. പലിശ നിരക്കില്‍ മാറ്റംവരുത്തിയപ്പോള്‍ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും രാജ്കുമാര്‍ പരാതിയില്‍ പറയുന്നു. 
ഫ്‌ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ട്. പലിശ പരിഷ്‌കരിച്ചപ്പോഴെല്ലാം ഉപഭോക്താവിനെ അറിയിച്ചിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ബാങ്കിനായില്ല. ഇതേതുടര്‍ന്നാണ് 55,000 നല്‍കാന്‍ ഫോറം വിധിച്ചത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com