മിനിറ്റിന് ആറു രൂപ കേട്ട് ഭയപ്പെടേണ്ട?; മറികടക്കാന്‍ പ്ലാനുകളുമായി ജിയോ, ആകര്‍ഷണീയമായ ഡേറ്റ ഓഫര്‍ 

താരിഫ് ഉയര്‍ത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ നാല് റീച്ചാര്‍ജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്
മിനിറ്റിന് ആറു രൂപ കേട്ട് ഭയപ്പെടേണ്ട?; മറികടക്കാന്‍ പ്ലാനുകളുമായി ജിയോ, ആകര്‍ഷണീയമായ ഡേറ്റ ഓഫര്‍ 

ന്യൂഡല്‍ഹി: മറ്റു മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ നിരക്ക് ഈടാക്കാനുളള പ്രഖ്യാപനത്തില്‍, ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ പുതിയ തന്ത്രവുമായി റിലയന്‍സ് ജിയോ. താരിഫ് ഉയര്‍ത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ നാല് റീച്ചാര്‍ജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്ക് കൈവശമുളളവരെ വിളിക്കുമ്പോള്‍ ഐയുസി ചാര്‍ജ്ജായി മിനിറ്റിന് ആറു രൂപ ഈടാക്കുമെന്ന റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

10 രൂപ മുതല്‍ 100 രൂപ വരെയുളള നാലു റീച്ചാര്‍ജ്ജ് പ്ലാനുകളാണ് അവതരിപ്പിച്ചത്. കൂടുതല്‍ ഡേറ്റ ലഭ്യമാക്കി ഉപഭോക്താക്കളുടെ പ്രതിഷേധം തണുപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. 10 രൂപയ്ക്ക് 124 മിനിറ്റ് വരെ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് സൗജന്യമായി വിളിക്കാം. ഒരു ജിബി വരെ സൗജന്യ ഡേറ്റയും ഈ പ്ലാനില്‍ ലഭ്യമാക്കും. 20 രൂപയുടെ ടോപ് അപിന് 249 മിനിറ്റാണ് സൗജന്യം. 2 ജിബി വരെ ഡേറ്റ ലഭിക്കും. 50നും 100നും യഥാക്രമം 656ഉം, 1362 മിനിറ്റുമാണ് സൗജന്യം. അഞ്ചു ജിബി മുതല്‍ 10 ജിബി വരെയാണ് ഈ പ്ലാനുകളില്‍ ഡേറ്റ ഓഫര്‍. 

മറ്റു മൊബൈല്‍ നെറ്റ്‌വര്‍ക്കിലുളള ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ നിരക്ക് ഈടാക്കുമെന്ന റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം ടെലികോം രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയിച്ചത്. ഫോണ്‍ വിളിക്കുന്നതിന് ചാര്‍ജ്് ഈടാക്കാനുളള തീരുമാനം ട്രായിയുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ, വിപണി നഷ്ടപ്പെടാതിരിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ജിയോ. നാല് റീചാര്‍ജ് പ്ലാനുകളാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയത്.

താരിഫ് ഉയര്‍ത്തിയിട്ടില്ല എന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുളള തന്ത്രങ്ങളാണ് റിലയന്‍സ് ജിയോ ആവിഷ്‌കരിച്ചിരിക്കുന്നത്. എതിരാളികളായ മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്ക് കൈവശമുളളവരെ വിളിക്കുമ്പോല്‍ മിനിറ്റിന് ആറ് രൂപ ഈടാക്കുമെന്നുളള റിലയന്‍സ് ജിയോയുടെ പ്രഖ്യാപനമാണ് ഞെട്ടലോടെ കേട്ടത്. ഐയുസി ചാര്‍ജ് എന്ന നിലയില്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് നല്‍കേണ്ട തുകയാണ് ഇത്തരത്തില്‍ ഈടാക്കുന്നത് എന്നാണ് ജിയോയുടെ വിശദീകരണം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും ജിയോ വാദിക്കുന്നു. ഇതില്‍ വിപണി നഷ്ടപ്പെടാതിരിക്കാനാണ് നാലു റീചാര്‍ജ് പ്ലാനുകള്‍ അടക്കമുളള പുതിയ തന്ത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com