വരുന്നു, രാജ്യത്ത് നൂറു പുതിയ വിമാനത്താവളങ്ങള്‍; വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍

രാജ്യത്ത് നൂറു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
വരുന്നു, രാജ്യത്ത് നൂറു പുതിയ വിമാനത്താവളങ്ങള്‍; വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നൂറു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2024ഓടെ പുതിയ നൂറു വിമാനത്താവളങ്ങള്‍ തുടങ്ങാനാണ് പദ്ധതി. ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് ആയിരം പുതിയ വ്യോമ റൂട്ടുകള്‍ തുടങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യത്തില്‍നിന്നു രാജ്യത്തെ കരകയറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിലൂടെ സാമ്പത്തിക മാന്ദ്യത്തെ ഒരു പരിധി വരെ നിയന്ത്രണത്തിലെത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 

2035 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 450 ആക്കാനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെ എണ്ണം നിലവില്‍ ഉള്ളതിന്റെ  ഇരട്ടിയില്‍ എത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതേ മാതൃകയിലുള്ള, അടിസ്ഥാന സൗകര്യ വികസന പദ്ധതി നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. 

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസുകളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഉഡാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വ്യോമഗതാഗത രംഗത്ത് കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com