നൂറുകണക്കിന് ടിവി ചാനലുകള്‍, സിനിമകള്‍..., ഏതു ടിവിയും സ്മാര്‍ട്ടാക്കാം; ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ എക്‌സ്ട്രീം

വിനോദ ആസ്വാദനരംഗത്ത് മത്സരം കടുപ്പിച്ച് പുതിയ പദ്ധതിയുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും രംഗത്ത്
നൂറുകണക്കിന് ടിവി ചാനലുകള്‍, സിനിമകള്‍..., ഏതു ടിവിയും സ്മാര്‍ട്ടാക്കാം; ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ എക്‌സ്ട്രീം

മുംബൈ: വിനോദ ആസ്വാദനരംഗത്ത് മത്സരം കടുപ്പിച്ച് പുതിയ പദ്ധതിയുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും രംഗത്ത്. റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ തയ്യാറെടുത്താണ് എയര്‍ടെലിന്റെ കടന്നുവരവ്. മികച്ച ഡിടിഎച്ച് കണക്ഷനോടെ ലൈവ് ടിവി കാണാനുളള സൗകര്യം അടക്കമുളള വിവിധ സേവനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുളള എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സ്
കമ്പനി അവതരിപ്പിച്ചു.

 വിവിധ ഉപകരണങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും  ലോകോത്തര നിലവാരത്തില്‍ ഡിജിറ്റല്‍ വിനോദ പരിപാടികള്‍ കാണാനുളള സൗകര്യമാണ് എയര്‍ടെല്‍ എക്‌സ്ട്രീമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ ഇന്ത്യയിലുടനീളമുള്ള വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ആസ്വാദ്യകരമായ വിനോദ പരിപാടികള്‍ ലഭ്യമാക്കും. റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ നേരിടാന്‍ ലക്ഷ്യമിട്ടുളളതാണ് എയര്‍ടെലിന്റെ എക്‌സ്ട്രീം.

ഇതോടെ ടിവി, പിസി, സ്മാര്‍ട് ഫോണ്‍ തുടങ്ങിയ വിവിധ ഉപകരണങ്ങളിലെ സ്‌ക്രീനുകളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളും ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ ലഭ്യമാകും. നൂറുകണക്കിന് സാറ്റലൈറ്റ് ടിവി ചാനലുകള്‍, ആയിരക്കണക്കിന് സിനിമകള്‍, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളിലെ പരിപാടികള്‍ എല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. എയര്‍ടെല്‍ എക്‌സ്ട്രീമിലൂടെ ലൈവ് ടിവി, വിഡിയോ, മ്യൂസിക്, ന്യൂസ്, സ്‌പോര്‍ട്‌സ് തുടങ്ങിയവ ഒടിടി സ്മാര്‍ട് സ്റ്റിക്കിലൂടെ ലഭ്യമാക്കുന്ന സംയോജിത വിനോദ പ്ലാറ്റ്‌ഫോമാണ് അവതരിപ്പിക്കുന്നതെന്നും എയര്‍ടെല്‍ എക്‌സ്ട്രീം പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആദര്‍ശ് നായര്‍ കൂട്ടിചേര്‍ത്തു.

എയര്‍ടെല്‍ എക്‌സ്ട്രീമിന്റെ അവതരണത്തോടെ എയര്‍ടെല്‍ തടസമില്ലാതെ ഡിജിറ്റല്‍ വിനോദ അനുഭവം പകരുന്ന ആദ്യ കമ്പനിയായി മാറി. എയര്‍ടെല്‍ എക്‌സ്ട്രീം കണക്റ്റഡായ ഏതു ടിവിയെയും സ്മാര്‍ട് ടിവിയാക്കും. വേഗമാര്‍ന്ന പ്രകടനവും ലഭ്യമാകും.

ആന്‍ഡ്രോയിഡ് 8.0 അധിഷ്ഠിതമായ ഒടിടി സ്റ്റിക്കിലൂടെ ഏതു ടിവിയിലും എയര്‍ടെല്‍ എക്‌സിട്രീം ആസ്വദിക്കാം. ഒറ്റ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലൂടെ എയര്‍ടെല്‍ എക്‌സ്ട്രീം സ്റ്റിക്ക് ലഭ്യമാകും. ഒടിടി സഹകാരികളുടെ ഉള്ളടക്കങ്ങളെല്ലാം ലഭ്യമാകുകയും ചെയ്യും. ഏറ്റവും മികച്ച 1.6 ജിഗാഹെര്‍ട്ട്‌സ് പ്രോസസറിന്റെ പിന്തുണയോടെ ക്രോംകാസ്റ്റില്‍ നിര്‍മിതമാണ് എയര്‍ടെല്‍ എക്‌സ്ട്രീം സ്റ്റിക്ക്. ബ്ലൂടൂത്ത് 4.2 വേഗം കൂട്ടുന്നു. എയര്‍ടെല്‍ എക്‌സ്ട്രീം സ്റ്റിക്കിന് 3,999 രൂപയാണ് വില. എയര്‍ടെല്‍ പ്ലാറ്റിനം, ഗോള്‍ഡ് ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററിയായി സ്റ്റിക്ക് ലഭിക്കും. മറ്റ് എല്ലാ ഉപഭോക്താക്കള്‍ക്കും 30 ദിവസത്തേക്ക് ഉള്ളടക്കങ്ങള്‍ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് ആസ്വദിക്കണമെങ്കില്‍ വാര്‍ഷിക പ്ലാനില്‍ 999 രൂപ അടച്ച് വരിക്കാരാകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com