എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു

 രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടിസ്ഥാന വായ്പ നിരക്ക് കുറച്ചു
എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു

ന്യൂഡല്‍ഹി:  രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടിസ്ഥാന വായ്പ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് വായ്പ നിരക്കില്‍( എംസിഎല്‍ആര്‍) 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഒരു വര്‍ഷം വരെയുളള എംസിഎല്‍ആര്‍ 8.15 ശതമാനമായി.

സെപ്റ്റംബര്‍ 10മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി അഞ്ചാം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ കുറയ്ക്കുന്നത്. എസ്ബിഐയുടെ ഭവനവായ്പ എടുത്ത നിലവിലുളള ഇടപാടുകാര്‍ക്ക് ഇതിന്റെ പ്രയോജനം ഉടന്‍ തന്നെ ലഭിക്കുകയില്ല.അതായത് ഭവനവായ്പയുടെ പലിശനിരക്കിലോ, ഇഎംഐയിലോ ഉടന്‍ കുറവുവരില്ലെന്ന് അര്‍ത്ഥം. 

ഫ്‌ളോട്ടിങ് നിരക്കിനെ അടിസ്ഥാനമാക്കി ഭവനവായ്പ എടുത്തവര്‍ക്ക്, അവരുടെ ഭവനവായ്പയെ ഒരു വര്‍ഷം കാലാവധിയുളള എംസിഎല്‍ആറുമായി ബന്ധിപ്പിക്കുന്നതാണ് പതിവ്. ഇതിന്റെ നിരക്ക് പുനഃപരിശോധിക്കാന്‍ ബാങ്കിനെ അനുവദിക്കുന്ന റീസെറ്റ് വ്യവസ്ഥയും നിലവിലുണ്ട്. ഒരു വര്‍ഷമാണ് ഇതിന്റെയും കാലാവധി. ആഗസ്റ്റിലാണ് റീസെറ്റ് വ്യവസ്ഥയെങ്കില്‍ സെപ്റ്റംബറിലാണ് എംസിഎല്‍ആറില്‍ വരുത്തുന്ന മാറ്റം പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് അടുത്ത ഓഗസ്റ്റ് വരെ ഭവന വായ്പ നിരക്ക് കുറയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം  സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും എസ്ബിഐ കുറവു വരുത്തിയിട്ടുണ്ട്. 0.20 ശതമാനം മുതല്‍ 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. 

സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ആനുകൂല്യം ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് പൂര്‍ണമായി കൈമാറാത്തതില്‍ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐയുടെ വായ്പനിരക്ക് കുറച്ചുളള നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com