ശ്രദ്ധിക്കുക, ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക ഈ ദിവസം മാത്രം; എടിഎമ്മുകള്‍ 'കാലിയാകാം'

ഈയാഴ്ചയില്‍ ഇനി അവശേഷിക്കുന്ന ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുക വ്യാഴാഴ്ച മാത്രം
ശ്രദ്ധിക്കുക, ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക ഈ ദിവസം മാത്രം; എടിഎമ്മുകള്‍ 'കാലിയാകാം'

കൊച്ചി: ഈയാഴ്ചയില്‍ ഇനി അവശേഷിക്കുന്ന ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുക വ്യാഴാഴ്ച മാത്രം. അതിനാല്‍ ബാങ്കുകളില്‍ അന്നേദിവസം ഇടപാടുകള്‍ നടത്താന്‍ തിരക്ക് അനുഭവപ്പെടും. ഓണത്തോടനുബന്ധിച്ചുളള അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നി ദിവസങ്ങളിലും രണ്ടാം ശനിയായ 14നും ബാങ്ക് പ്രവര്‍ത്തിക്കില്ല. 15ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കിന് അവധിയായിരിക്കും. തിങ്കളാഴ്ച മുഹറമായിരുന്നെങ്കിലും ബാങ്ക് പ്രവര്‍ത്തിച്ചു. മൂന്നാംഓണമായ വ്യാഴാഴ്ച മാത്രമാണ് ഇനി ഈയാഴ്ചയില്‍ ബാങ്ക് പ്രവര്‍ത്തിക്കുക. ഫലത്തില്‍ പൂര്‍ണതോതിലുളള ബാങ്കിങ് പ്രവര്‍ത്തനം അടുത്തയാഴ്ച മാത്രമേ സാധ്യമാകുകയുളളൂ.

ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എടിഎമ്മുകളില്‍ പണം കിട്ടാതായി. ഈയാഴ്ചയിലെ രണ്ടുപ്രവൃത്തി ദിവസങ്ങളിലായി എടിഎമ്മുകളില്‍ പണം നിറയ്ക്കാനാണ് ഏജന്‍സികളും ബാങ്കുകളും നേരത്തെ തീരുമാനിച്ചിട്ടുളളത്. അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാബാങ്കുകളും സമാനനടപടികള്‍ എടുത്താല്‍പ്പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ നല്‍കുന്നത്. കൂടുതല്‍ പണം നല്‍കാന്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിറച്ചാല്‍ ചെറിയനോട്ടുകള്‍ കിട്ടാതാകും.

ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16നേ തുറക്കൂ. ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു. അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. മുഹറത്തിന് കേന്ദ്രസര്‍ക്കാരും അവധി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com