വളര്‍ച്ച അഞ്ചുശതമാനമായി താഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അത്ഭുതപ്പെടുത്തി; തിരിച്ചുവരവ് പ്രവചിക്കുന്നത് ദുഷ്‌കരം: ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അത്ഭുതപ്പെടുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്
വളര്‍ച്ച അഞ്ചുശതമാനമായി താഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അത്ഭുതപ്പെടുത്തി; തിരിച്ചുവരവ് പ്രവചിക്കുന്നത് ദുഷ്‌കരം: ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അത്ഭുതപ്പെടുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.8 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും പ്രതീക്ഷിച്ചിരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 5.5 ശതമാനത്തിലും താഴേക്ക് പോകില്ല എന്നാണ്. എന്നാല്‍ അഞ്ചുശതമാനം അത്ഭുതപ്പെടുത്തിയെന്ന് ശക്തികാന്താ ദാസ് പറയുന്നു.

വികസിതരാജ്യങ്ങളുടെ രണ്ടാം പാദ വളര്‍ച്ചാനിരക്ക് ഒന്നാം പാദത്തെ അപേക്ഷിച്ച് താഴെയാണ്.അതിനാല്‍ ഇന്ത്യയുടെ തുടര്‍ന്നുളള വളര്‍ച്ചാനിരക്കില്‍ ഇത് സ്വാധീനിക്കാമെന്ന് ശക്തികാന്താ ദാസ് പറയുന്നു. വളര്‍ച്ചാനിരക്കില്‍ ഒരു ഇടിവിന് തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമേ ആഭ്യന്തരപ്രശ്‌നങ്ങളും വളര്‍ച്ചയെ സ്വാധീനിക്കുന്നതായി ശക്തികാന്താ ദാസ് പറയുന്നു. വളര്‍ച്ചയില്‍ ഒരു തിരിച്ചുവരവിന്റെ കാര്യത്തില്‍ കൃത്യമായ ഒരു സമയക്രമം പറയുന്നത് ഏറേ ദുഷ്‌കരമാണ്. നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതായും ശക്തികാന്താ ദാസ് പറയുന്നു.

സമ്പദ്‌വ്യവസ്ഥയുടെ ഉണര്‍വിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയുണ്ട്. സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചാല്‍ മാറ്റം ഉറപ്പായും ദൃശ്യമാകും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ത്വരിതവേഗതയിലാണ് ഇടപെടുന്നത്. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ശക്തികാന്താ ദാസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com