നിരത്തുകളുടെ രാജാവ് അരങ്ങൊഴിയുന്നു; ടാറ്റാ സുമോ ഉത്പാദനം നിര്‍ത്തുന്നു

ഇന്ത്യയിലെ എല്ലാ എസ്‌യുവികളുടെയും തലതൊട്ടപ്പനെന്ന് വിശേഷണമുള്ള ടാറ്റാ സുമോ ഉത്പാദനം അവസാനിപ്പിക്കുകയാണ്. 
നിരത്തുകളുടെ രാജാവ് അരങ്ങൊഴിയുന്നു; ടാറ്റാ സുമോ ഉത്പാദനം നിര്‍ത്തുന്നു

രുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്നു ടാറ്റാ സുമോ. വലിയ കാര്‍ എന്നാല്‍ ടാറ്റാ സുമോയായിരുന്നു അവസാനവാക്ക്. ഇന്ത്യയിലെ എല്ലാ എസ്‌യുവികളുടെയും തലതൊട്ടപ്പനെന്ന് വിശേഷണമുള്ള ടാറ്റാ സുമോ ഉത്പാദനം അവസാനിപ്പിക്കുകയാണ്. 

പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ 1994ലാണ് ടാറ്റ അവതരിപ്പിച്ചത്. ടാറ്റയുടെ മറ്റ് വാഹനങ്ങള്‍ ഒന്നും നേടിയിട്ടില്ലാത്ത അംഗീകാരം ഈ വാഹനത്തിലൂടെ കമ്പനി നേടിയെടുത്തു. പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. ടാറ്റയുടെ X2 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സുമോ ആദ്യം എത്തിയത്. 2000 ആയതോടെ സുമോ, സുമോ സ്‌പേഷി ആയി മാറി. 2004ല്‍ സുമോ വിക്ട ആയും 2011ല്‍ സുമോ ഗോള്‍ഡ് ആയും വേഷപകര്‍ച്ച നടത്തി. 

2013ലാണ് സുമോയില്‍ അവസാന മിനുക്കുപണി കമ്പനി നടത്തിയത്. ഡ്യുവല്‍ സോണ്‍ എസി, റേഡിയോസിഡിഎംപി3 സിസ്റ്റം, പുതിയ പെയിന്റ് സ്‌കീം, സ്റ്റിക്കറുകള്‍ എന്നിവയായിരുന്നു അന്ന് വരുത്തിയ പുതുമ.85 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു സുമോയുടെ കരുത്ത്.

സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ എത്തിയത്. ഏറെ വൈകാതെ പൊതുജനങ്ങള്‍ക്കിടയില്‍ സുമോ താരമായി. ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഘടകമായും ടാറ്റാ സുമോ മാറി. 

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുമോ നിരത്തൊഴിയുന്നതെന്നാണ് സൂചന. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്6 എന്‍ജിനിലേക്ക് മാറണമെന്ന നിര്‍ദേശവും സുരക്ഷ ശക്തമാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന എഐഎസ് 145 എന്ന മാനദണ്ഡവുമാണ് ഇവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com