കോര്‍പ്പറേറ്റ് നികുതി കുറച്ചു, കുതിച്ചുയര്‍ന്ന് ഓഹരി വിപണി; പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം

നിക്ഷേപകരുടെ സ്വത്തില്‍ ഇതിലൂടെ 2.11 ലക്ഷം കോടിയുടെ വര്‍ധനയാണുണ്ടായതെന്ന് വിപണി വിദഗ്ധര്‍
കോര്‍പ്പറേറ്റ് നികുതി കുറച്ചു, കുതിച്ചുയര്‍ന്ന് ഓഹരി വിപണി; പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം

മുംബൈ/പനജി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കോര്‍പ്പറേറ്റ് നികുതി കുറച്ച കേന്ദ്ര തീരുമാനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ കുതിപ്പ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1300 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 400 പോയിന്റുമാണ് ഉയര്‍ന്നത്. വിപണിയില്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണ് ഇന്നുണ്ടായത്. 

ഉത്പാദന രംഗത്തെ ഉണര്‍വു ലക്ഷ്യമിട്ട് കമ്പനികള്‍ക്കുള്ള ആദായ നികുതിയില്‍ പത്തു ശതമാനത്തിന്റെ കുറവാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. നികുതി നിരക്ക് 25.17 ശതമാനമായാണ് കുറച്ചത്. പുതിയ കമ്പനികള്‍ക്ക് 17.01 ശതമാനം എന്ന പുതിയ നിരക്കും ധനമന്ത്രി പ്രഖ്യാപിച്ചു.

ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിന്‍സ് ഇറക്കി പുതിയ നിരക്കു പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അറിയിച്ചു. വളര്‍ച്ചയും നിക്ഷേപവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന ധനമന്ത്രി പറഞ്ഞു. സര്‍ച്ചാര്‍ജും സെസും ഉള്‍പ്പെടെ ഫലത്തില്‍ നല്‍കേണ്ട നികുതി നിരക്കാണ് 25.17 ശതമാനം. 30 ശതമാനം കോര്‍പ്പറേറ്റ് നികുതിയിയില്‍ സര്‍ചാര്‍ജും സെസും അടക്കം ഫലത്തില്‍ 34.94 ശതമാനം നികുതി അടയ്‌ക്കേണ്ട സ്ഥാനത്താണിത്. 

ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കുതിച്ചു കയറിയ സെന്‍സെക്‌സ് 1300 പോയിന്റ് ഉയര്‍ന്ന് 37,421ല്‍ ത്തെി. നിക്ഷേപകരുടെ സ്വത്തില്‍ ഇതിലൂടെ 2.11 ലക്ഷം കോടിയുടെ വര്‍ധനയാണുണ്ടായതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 29ഉം വര്‍ധന രേഖപ്പെടുത്തി. 

രൂപയുടെ മൂല്യത്തിലും ഇന്നു വര്‍ധന രേഖപ്പെടുത്തി. ഡോളറിനെതിരെ 66ല്‍നിന്ന് 70ലേക്കാണ് രൂപയുടെ മൂല്യം കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com