ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ; നികുതി പരിഷ്‌കരണം ചര്‍ച്ചയാകും 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി ഇളവുകള്‍ യോഗം പ്രഖ്യാപിച്ചേക്കും
ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ; നികുതി പരിഷ്‌കരണം ചര്‍ച്ചയാകും 

ന്യൂഡല്‍ഹി : രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നതിനിടെ, ജിഎസ്ടി (ചരക്കുസേവന നികുതി) കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ഗോവയില്‍ ചേരും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി ഇളവുകള്‍ യോഗം പ്രഖ്യാപിച്ചേക്കും. 

നികുതി നിരക്ക് പരിഷ്‌കരണം യോഗത്തില്‍ ചര്‍ച്ചയാകും. ആഡംബര കാറുകള്‍, കേറ്ററിങ് സര്‍വീസ് തുടങ്ങിയവയുടെ നികുതി കുറച്ചേക്കും. മോട്ടോര്‍ വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് സമിതിയും ഈ നിര്‍ദേശം അംഗീകരിക്കുന്നില്ല.

ഓട്ടോമൊബൈല്‍ നികുതി കുറയ്ക്കുന്നതിന് പകരം തല്‍ക്കാലം സെസ് ഒഴിവാക്കാമെന്നാണ് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളുടെ നിലപാട്. 
വരുമാന നഷ്ടം ഉണ്ടാകുന്ന ഇളവുകളെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ എതിര്‍ക്കും. എല്ലാ മേഖലയിലും ജിഎസ്ടി നിരക്ക് കുറയ്ക്കുകയെന്ന നിലപാട് സ്വീകാര്യമല്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 

ടൂറിസം മേഖലയ്ക്ക് ഇളവുകള്‍ അനുവദിക്കുന്നതും പരിഗണനയിലുണ്ട്. 7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടക്യ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്റെ പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com