എടിഎമ്മില്‍ നിന്നും പണം കിട്ടിയില്ലേ ?; ബാങ്കുകള്‍ക്ക് പിഴയിട്ട് ആര്‍ബിഐ ; ഉടമയ്ക്ക് ദിവസം 100 രൂപ വീതം നല്‍കണം

എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍  പണം തിരികെ നല്‍കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് കര്‍ശനമാക്കി
എടിഎമ്മില്‍ നിന്നും പണം കിട്ടിയില്ലേ ?; ബാങ്കുകള്‍ക്ക് പിഴയിട്ട് ആര്‍ബിഐ ; ഉടമയ്ക്ക് ദിവസം 100 രൂപ വീതം നല്‍കണം

ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും അക്കൗണ്ടില്‍ കുറവുകാണിക്കപ്പെട്ട പണം തിരികെ കിട്ടാന്‍ ബാങ്കുകളില്‍ അപേക്ഷയുമായി കയറിയിറങ്ങുന്ന നിരവധി പേരെ നാം കാണാറുണ്ട്. ദിവസങ്ങളോളം പരാതികളുമായി കയറിയിറങ്ങിയാലാണ് പണം തിരികെ ലഭിക്കുന്നതെന്ന പരാതികളും വ്യാപകമാണ്. ഈ പശ്ചാത്തലത്തില്‍ എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍  പണം തിരികെ നല്‍കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് കര്‍ശനമാക്കി.

എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ബാങ്കുകള്‍ക്ക് കൊടുത്ത മാര്‍ഗനിര്‍ദേശത്തിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 

ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും സമയപരിധി നിര്‍ദേശം ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് പണം തിരികെ ക്രെഡിറ്റ് ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപവീതം പിഴ നല്‍കണം.

യുപിഐവഴി ഷോപ്പിങ് നടത്തുമ്പോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കണം. 

പരാതികള്‍ വ്യാപകമായതോടെയാണ് ആര്‍ബിഐ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്. നേരത്തെ ഇടപാട് പരാജയപ്പെട്ടാലും അക്കൗണ്ടില്‍ നിന്നും കുറവു വരുത്തുന്ന പണം തിരികെ ലഭിക്കാന്‍  ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com