സ്വന്തമായി എണ്ണപ്പാടം, ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരില്‍ ഒരാള്‍, സമ്പന്നപട്ടികയില്‍ 18-ാം റാങ്ക്; കോവിഡില്‍ കൂപ്പുകൂത്തിയ കോടീശ്വരന്റെ കഥ

കോവിഡ് കാരണം ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ പ്രമുഖ എണ്ണ കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു.
സ്വന്തമായി എണ്ണപ്പാടം, ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരില്‍ ഒരാള്‍, സമ്പന്നപട്ടികയില്‍ 18-ാം റാങ്ക്; കോവിഡില്‍ കൂപ്പുകൂത്തിയ കോടീശ്വരന്റെ കഥ

സിംഗപ്പൂര്‍: കോവിഡ് കാരണം ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ പ്രമുഖ എണ്ണ കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ ഹിന്‍ ലിയോങ്ങ് ട്രേഡിങ് കമ്പനിയാണ് കടബാധ്യത കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി നല്‍കിയത്. 400 കോടി ഡോളറിന്റെ കടബാധ്യത പുനഃ സംഘടിപ്പിക്കാന്‍ മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സിംഗപ്പൂര്‍ ഹൈക്കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്.

കടം തിരിച്ചടയ്ക്കുന്നതിന് ആറുമാസത്തെ ഇളവ് അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. 23 ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവിനാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഹിന്‍ ലിയോങ്ങ് ട്രേഡിങ് കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ ലിം ഓണ്‍ കുയിം കമ്പനിയിലെ ധനകാര്യ വിഭാഗം നടത്തി ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മാസങ്ങള്‍ക്ക് മുന്‍പ് വരെ സിംഗപ്പൂരിലെ കോടീശ്വരനായിരുന്നു ലിം ഓണ്‍ കുയിം. കമ്പനിയുടെ വരവുചെലവ് കണക്കില്‍ കോടികണക്കിന് ഡോളറിന്റെ നഷ്ടം മറച്ചുവെച്ചു എന്ന ആരോപണമാണ് ഇദ്ദേഹം നേരിട്ടത്. ഇതിന്റെ ഉത്തരവാദിത്തമാണ് കമ്പനി ഉടമ ഏറ്റെടുത്തത്.

അതേസമയം അച്ഛനെതിരെ മകന്‍ രംഗത്തെത്തി. കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു അപേക്ഷയിലാണ് അച്ഛനെതിരെ മകന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്പനിയുടെ എണ്ണ ശേഖരത്തിന്റെ ഒരു ഭാഗം അച്ഛന്‍ വിറ്റഴിച്ചു. ഇതില്‍ നിന്നും ലഭിച്ച വരുമാനം പൊതു നിധിയിലേക്ക് മാറ്റി. എണ്ണ ബാരലുകള്‍ ഈടായി വച്ച് ബാങ്കുകളില്‍ നിന്ന് അ്ച്ഛന്‍ വായ്പ തരപ്പെടുത്തിയതായും മകന്‍ ആരോപിച്ചു.

1963ലാണ് ചൈനീസ് വംശജനായ ലിം തന്റെ ബിസിനസ്സ് ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ട്രക്കില്‍ ഡീസല്‍ എത്തിച്ചുകൊടുത്താണ് ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. ഇതില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരനായാണ് ലിം വളര്‍ന്നത്. കപ്പലിനാവശ്യമായ ഇന്ധനം വിതരണം ചെയ്താണ് ഇദ്ദേഹം കോടീശ്വരനായത്.  എണ്ണ ശേഖരത്തിന്റെ ഉടമസ്ഥതയിലും ഇദ്ദേഹം പങ്കാളി ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലെ സമ്പന്നരില്‍ 18-ാം സ്ഥാനത്തായിരുന്നു ലിം. വലിയ ബാര്‍ജുകള്‍ ഉള്‍പ്പെടെ 130 ഓളം യാനങ്ങളും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ട്.

ഈ മാസത്തിന്റെ തുടക്കത്തിലാണ് ഇദ്ദേഹത്തിന്റെ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. കടബാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാതിരുന്നതാണ് ഇദ്ദേഹത്തിന്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com