130 രൂപയ്ക്ക് 200 ചാനലുകള്‍, പേ ചാനല്‍ നിരക്ക് 12 രൂപയാക്കണം ; ഈ മാസം 10 നകം നടപ്പാക്കാന്‍ ചാനല്‍ കമ്പനികളോട് ട്രായ്

പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയില്‍നിന്ന്  12 രൂപയിലേക്ക് കുറയ്ക്കണം എന്നതാണ് ട്രായിയുടെ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം
130 രൂപയ്ക്ക് 200 ചാനലുകള്‍, പേ ചാനല്‍ നിരക്ക് 12 രൂപയാക്കണം ; ഈ മാസം 10 നകം നടപ്പാക്കാന്‍ ചാനല്‍ കമ്പനികളോട് ട്രായ്

മുംബൈ: ഈ മാസം പത്തിനുമുമ്പ് നിരക്ക് കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ് ഡി ചാനലുകള്‍ എന്നത് 200 എണ്ണമാക്കി വര്‍ധിപ്പിക്കുക, 200ല്‍ കൂടുതല്‍ ചാനലുകള്‍ ഉണ്ടെങ്കിലും പരമാവധി നിരക്ക് 160 രൂപയില്‍ കൂടരുത് എന്നിങ്ങനെയാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. 

പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയില്‍നിന്ന് (നികുതി ഒഴികെ) 12 രൂപയിലേക്ക് കുറയ്ക്കണം എന്നതാണ് ട്രായിയുടെ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇക്കഴിഞ്ഞ ജനുവരിയില്‍ത്തന്നെ ഈ നിര്‍ദേശം ട്രായ് മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം ജനുവരി 15നുള്ളില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. എന്നാല്‍, ട്രായിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനല്‍ കമ്പനികള്‍ കോടതികളെ സമീപിക്കുകയായിരുന്നു. 

കോടതികള്‍ സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകാന്‍ ട്രായ് തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന പാക്കേജില്‍ 200 ചാനലുകള്‍ എന്നത് പല ഡി.ടി.എച്ച്., കേബിള്‍ ടി.വി. കമ്പനികളും നടപ്പാക്കിയിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ഒഴികെ പേ ചാനലുകളുടെ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ചാനലുകള്‍ തെരഞ്ഞെടുക്കുന്നതിനും നിരക്ക് അറിയുന്നതിനുമായി ട്രായ് കഴിഞ്ഞ മാസം മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. 

പുതിയ നിര്‍ദേശങ്ങളില്‍ ചിലത് ഇവയാണ്. 

130 രൂപയ്ക്ക് (നികുതി കൂടാതെ) 100ന് പകരം 200 എസ്.ഡി. ചാനലുകള്‍ നല്‍കുക

200ലധികം എത്ര ചാനലുകളായാലും അടിസ്ഥാന നിരക്ക് 160 രൂപ. നേരത്തേ ഓരോ 25 ചാനലുകള്‍ക്കും 20 രൂപ അധികം നല്‍കണമായിരുന്നു

കൂട്ടമായി നല്‍കുന്ന ചാനലുകളുടെ നിരക്ക് വെവ്വറെ കൂട്ടിയാല്‍ ഒന്നര മടങ്ങില്‍ കൂടാന്‍ പാടില്ല.

അടിസ്ഥാന പാക്കേജില്‍ 25 ഡി.ഡി. ചാനലുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിബന്ധന  എടുത്തുകളഞ്ഞു.

പരമാവധി നിരക്ക് 12 രൂപയില്‍ അധികമുള്ള ചാനലുകള്‍ ഒരു ബൊക്കെയിലും ഉള്‍പ്പെടുത്തരുത്

ഒരുവീട്ടില്‍ രണ്ട് ടെലിവിഷന്‍ ഉപയോഗിക്കുന്നുവെങ്കില്‍ ആദ്യത്തേതിന്റെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനമേ രണ്ടാമത്തേതിന് ഈടാക്കാവൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com