കരിപ്പൂര്‍ വിമാനപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്‍ അദില്‍ ട്രേഡിംഗ് കമ്പനി
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2020 04:58 PM |
Last Updated: 12th August 2020 04:58 PM | A+A A- |

മുംബൈ: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗള്‍ഫിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ അദില്‍ ട്രേഡിംഗ് കമ്പനി. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ നിന്നാണ് സാമ്പത്തിക സഹായം അനുവദിച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദാദര്‍ അറിയിച്ചു.
അച്ഛന്‍ മഹാദേവ് ദാദര്‍ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ വ്യോമസേനയുമായി ഒരു ആത്മബന്ധമുണ്ടെന്ന് ധനഞ്ജയ് ദാദര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനപകടം അറിഞ്ഞ ഉടന്‍ തന്നെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചതെന്നും ധനഞ്ജയ് ദാദര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരില്‍ നല്ലൊരു ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വന്നവരാണ്.വിസ്റ്റിങ് വിസയുടെ കാലാവധി തീര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ സാമ്പത്തിക പ്രയാസം നേരിടുന്നതായി മനസിലാക്കുന്നു. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ നിരവധി ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും ധനഞ്ജയ് ദാദര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഇത്തരത്തില്‍ കുടുങ്ങി കിടന്ന 3800 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.