ഇനി കൊയ്തെടുക്കാൻ 'ടൈ​ഗർ ഇലക്ട്രിക്' , എട്ട് മണിക്കൂർ ബാറ്ററി ബാക്കപ്പ്, 24 കിലോമീറ്റർ വേഗത; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടർ വിപണിയിൽ 

5.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില
സോണാലിക തലവൻ രാമൻ മിത്തൽ/ ചിത്രം: ട്വിറ്റർ
സോണാലിക തലവൻ രാമൻ മിത്തൽ/ ചിത്രം: ട്വിറ്റർ

ട്രാക്ടർ നിർമ്മാതാക്കളായ സോനാലിക രാജ്യത്തെ ആദ്യ ഫീൽഡ് റെഡി ഇലക്ട്രിക് ട്രാക്ടറായ 'ടൈ​ഗർ ഇലക്ട്രിക്' അവതരിപ്പിച്ചു. യൂറോപ്പിൽ രൂപകൽപ്പന ചെയ്ത ട്രാക്ടർ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 5.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു സാധാരണ ഹോം ചാർജിംഗ് പോയിന്റ് ഉപയോഗിച്ച്  ടൈഗർ ഇലക്ട്രിക് ട്രാക്ടർ 10 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ട്രാക്ടറിനായുള്ള ബുക്കിംഗ് കമ്പനി രാജ്യത്തുടനീളം ആരംഭിച്ചു.

അത്യാധുനിക IP67 സവിശേഷതകളോടുകൂടിയ 25.5 കിലോവാട്ട് പ്രകൃതിദത്ത കൂളിംഗ് കോംപാക്ട് ബാറ്ററിയാണ് ട്രാക്ടറിന്റെ കരുത്ത്. എഞ്ചിനിൽ നിന്ന് ചൂട് കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നതും വളറെ കുറച്ച് ഭാ​ഗങ്ങൾ മാത്രമുള്ളതിനാൽ വൈബ്രേഷൻ കുറവായിരിക്കുമെന്നതും അറ്റകുറ്റപണികൾ കുറയ്ക്കുമെന്ന് കമ്പനി പറയുന്നു. 2 ടൺ ട്രോളി ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ ടൈഗർ ഇലക്ട്രിക് 24.93 കിലോമീറ്റർ വേഗതയും 8 മണിക്കൂർ ബാറ്ററി ബാക്കപ്പും ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമേ കേവലം നാല് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജിംഗ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഹരിതവൽക്കരണത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര വേ​ഗത്തിലാക്കാനും 2030-ഓടെ ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് അനുസൃതമായി തുടരാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ഫീൽഡ് റെഡി ടൈഗർ ഇലക്ട്രിക് ട്രാക്ടർ എന്ന് സോണാലിക ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാമൻ മിത്തൽ പറഞ്ഞു. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവർത്തന ചെലവിന്റെ നാലിലൊന്ന് മാത്രമേ ആവുകയുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com