ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് മുകേഷ് അംബാനി പുറത്ത് 

ബ്ലൂംബെർഗ് ബില്യണയേർസ് സൂചികയിൽ നിലവിൽ പതിനൊന്നാം സ്ഥാനത്താണ് അംബാനി
മുകേഷ് അംബാനി/ ഫയൽ ചിത്രം
മുകേഷ് അംബാനി/ ഫയൽ ചിത്രം

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ (ബ്ലൂംബർഗ് ബില്യനയേഴ്‌സ് ഇൻഡെക്‌സ്) ആദ്യ പത്തിൽ നിന്ന്  മുകേഷ് അംബാനി പുറത്ത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്നും അംബാനി പുറത്തായി. ബ്ലൂംബെർഗ് ബില്യണയേർസ് സൂചികയിൽ നിലവിൽ പതിനൊന്നാം സ്ഥാനത്താണ് അംബാനി.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി കോവിഡ് പ്രതിസന്ധിക്കിടയിലും ഈ വർഷം ആദ്യം പട്ടികയിൽ നാലാം സ്ഥാനം നേടിയിരുന്നു. അതേസമയം പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്ലൂംബെർഗ് പുറത്തുവിട്ട ലോകത്തിലെ പുതിയ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആദ്യ പത്തിൽ പോലും ഇടംകണ്ടെത്തിയില്ല. 

ബ്ലൂംബെർഗ് റാങ്കിംഗ് അനുസരിച്ച് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 76.5 ബില്യൺ ഡോളർ (5.63 ലക്ഷം കോടി രൂപ) ആണ്. ഈ വർഷം ആദ്യം ഇത് 90 ബില്യൺ ഡോളർ (6.62 ലക്ഷം കോടി രൂപ) ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഇടിഞ്ഞതാണ് അംബാനിയുടെ ആസ്തിയിൽ വ്യത്യാസം വരാൻ കാരണം. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചതിന് ശേഷമാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യവും മൊത്തം ആസ്തിയും ഇടിഞ്ഞത്. 

ആമസോൺ തലവൻ ജെഫ് ബെസോസ് തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാമതുള്ളത്. 186 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.160 ബില്യൺ ഡോളർ ആസ്തിയുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 131 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സും 110 ബില്യൺ ഡോളറുമായി ബെർണാഡ് അർനോൾട്ടും 101 ബില്യൺ ഡോളർ ആസ്തിയുമായി ഫേസ്ബുക്ക് സിഇഒ മാർക്ക് സകർബർഗും പട്ടികയിൽ യഥാക്രമം 3,4,5 സ്ഥാനങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com