ആദായനികുതിക്ക് ഇളവുകള്‍ ഇല്ലാത്ത കുറഞ്ഞ സ്ലാബുകള്‍; ഘടനയില്‍ പരിഷ്‌കാരം, പുതിയ നിരക്കുകള്‍ ഇങ്ങനെ 

വ്യക്തിഗത ആദായനികുതി അടയ്ക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടുതരം നികുതിഘടന അവതരിപ്പിച്ച് കേന്ദ്രബജറ്റ്
ആദായനികുതിക്ക് ഇളവുകള്‍ ഇല്ലാത്ത കുറഞ്ഞ സ്ലാബുകള്‍; ഘടനയില്‍ പരിഷ്‌കാരം, പുതിയ നിരക്കുകള്‍ ഇങ്ങനെ 

ന്യൂഡല്‍ഹി: വ്യക്തിഗത ആദായനികുതി അടയ്ക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടുതരം നികുതിഘടന അവതരിപ്പിച്ച് കേന്ദ്രബജറ്റ്. ഇളവുകള്‍  ഒന്നും പ്രയോജനപ്പെടുത്താത്തവര്‍ക്ക്  വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നികുതി മാത്രം അടയ്ക്കാനുളള അവസരം ഒരുക്കുന്നതാണ് പുതിയ നികുതി ഘടന. അതേസമയം വര്‍ഷാവര്‍ഷം ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുളള നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് വീണ്ടും സേവനം ലഭിക്കുന്നതിനാണ് പഴയ നികുതി ഘടനയും നിലനിര്‍ത്തിയിരിക്കുന്നത്.

പഴയതും പുതിയതുമായ നികുതി ഘടന അനുസരിച്ച് 2.5 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് അഞ്ചുശതമാനം നികുതി അടയ്ക്കണം. എന്നാല്‍ അഞ്ചുലക്ഷത്തിന് താഴെയാണ് നികുതി വരുമാനമെങ്കില്‍ റീബേറ്റ് ലഭിക്കുമെന്നതിനാല്‍ ഫലത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല.

അഞ്ചുലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുളളവര്‍ക്ക് നികുതി ഘടന തെരഞ്ഞെടുക്കുന്നതിന് അനുസരിച്ച് നികുതിനിരക്കില്‍ വ്യത്യാസമുണ്ടാകും. പുതിയ നികുതി ഘടന അനുസരിച്ച് അഞ്ചുലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെയുളള വാര്‍ഷിക വരുമാനക്കാരുടെ നികുതി 10 ശതമാനമാണ്. പഴയ നികുതി ഘടനയില്‍ ഇത് 20 ശതമാനമാണ്. ഏഴര ലക്ഷം മുതല്‍ പത്തുലക്ഷം വരെയുളളതിനും പഴയ നികുതി ഘടന അനുസരിച്ച് 20 ശതമാനം നികുതി ഒടുക്കണം. പുതിയ നികുതി ഘടനയില്‍ ഇത് 15 ശതമാനമാണ്. എന്നാല്‍ നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്താത്തവര്‍ക്ക് മാത്രമേ പുതിയ നികുതിഘടന തെരഞ്ഞെടുക്കാന്‍ സാധിക്കൂ.

പഴയ നികുതിഘടനയില്‍ പത്തുലക്ഷം മുതല്‍ 12.5 ലക്ഷം രൂപ വരെ  നികുതി നിരക്ക് 30 ശതമാനമാണ്. അതായത് പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുളളവര്‍ എല്ലാം വരുമാനത്തിന്റെ തോത് കണക്കാക്കാതെ 30 ശതമാനം നികുതി നല്‍കണം. എന്നാല്‍ പുതിയ ഘടനയില്‍ പത്തുലക്ഷം മുതല്‍ 12.5ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് 20 ശതമാനമാണ് നികുതി. 12.5 ലക്ഷം മുതല്‍ 15 ലക്ഷം , 15ലക്ഷത്തിന് മുകളില്‍ എന്നിങ്ങനെ വരുമാനമുളളവര്‍ പുതിയ നികുതി ഘടന അനുസരിച്ച് യഥാക്രമം 25 ശതമാനവും 30 ശതമാനവും എന്ന നിലയില്‍ നികുതി നല്‍കേണ്ടി വരും.

പുതിയ നികുതിഘടനയില്‍ നിലവിലുളള 100ല്‍പ്പരം ഇളവുകളാണ് ഒഴിവാക്കിയത്. പുതിയ നികുതിഘടന സ്വീകരിക്കുന്നവര്‍ക്ക്, വിദഗ്ധരുടെ സേവനം കൂടാതെ തന്നെ നികുതി അടയ്ക്കാന്‍ സാധിക്കുമെന്ന് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. പുതിയ നികുതി ഘടന അവതരിപ്പിച്ചതോടെ, കേന്ദ്രസര്‍ക്കാരിന് 40000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു.

ആധാര്‍ മുഖേനെ ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ അനുവദിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. പുതിയ വെദ്യുതി ഉല്‍പ്പാദന കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതി ഇളവ് ലഭിക്കും. അതായത് 15 ശതമാനം നികുതി അടച്ചാല്‍ മതി. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് എടുത്തുകളഞ്ഞതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ഇത് ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശനിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com