ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം; ഇന്‍ഷുറന്‍സ് പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് നിര്‍മ്മല 

രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി നിര്‍മ്മല  സീതാരാമന്‍
ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം; ഇന്‍ഷുറന്‍സ് പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് നിര്‍മ്മല 

ന്യൂഡല്‍ഹി:രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി നിര്‍മ്മല  സീതാരാമന്‍. ബാങ്കുകളിലെ നിക്ഷേപത്തിന് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റ് നിര്‍ദേശം.ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

സംരഭകത്വമാണ് ഇന്ത്യയുടെ ശക്തി. കൂടുതല്‍ സംരഭകരെ സൃഷ്ടിക്കാന്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. സംരഭകരെ ആകര്‍ഷിക്കാന്‍ ഇന്‍വൈസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്ലിന് രൂപം നല്‍കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു.

നിക്ഷേപത്തിന് മുന്‍പ് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പാകത്തിനുളള സംവിധാനമാണ് ഒരുക്കുന്നത്. വാണിജ്യ, വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കിവെച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപമുളള റെയില്‍വേയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്നും ബജറ്റ് നിര്‍ദേശം. വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് 99,300 കോടി രൂപ നീക്കിവെച്ചതായി  ബജറ്റ് അവതരണവേളയില്‍ നിര്‍മ്മലാ പറഞ്ഞു.

നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും. ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും. രാജ്യത്തെ പ്രമുഖ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല പറഞ്ഞു.

ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കാനും ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവില്‍ യോഗ്യതയുളള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പിപിപി മാതൃകയില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിര്‍മ്മല പറഞ്ഞു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികളും അവതരിപ്പിച്ചു.കര്‍ഷകരുടെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് 2.83 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 

എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കാര്‍ഷികോല്‍പ്പനങ്ങള്‍ കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്കായി പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.

കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിക്കും രൂപം നല്‍കും. വ്യോമമേഖലയുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പ്പാദനം  മത്സ്യോല്‍പ്പാദനവും ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശിക്കുന്നു. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. ജലദൗര്‍ലഭ്യം നേരിടുന്ന 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതിയും ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കരുതല്‍, സാമ്പത്തിക മുന്നേറ്റം, ഉന്നമനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചരക്കുസേവന നികുതിയെ ചരിത്രപരമായ പരിഷ്‌കാരമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.

രാജ്യത്തെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നങ്ങളുടെ വാങ്ങല്‍ശേഷിയും, വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ അടങ്ങിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണവേളയുടെ തുടക്കത്തിലാണ് നിര്‍മ്മലയുടെ ഈ വാക്കുകള്‍.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് നിര്‍മ്മല പറഞ്ഞു. വിലക്കയറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി വിലക്കയറ്റം നിയന്ത്രണവിധേയമായി. ബാങ്കുകളുടെ കിട്ടാക്കടം കുറച്ചാണ് മറ്റൊരു നേട്ടം. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ബാങ്കുകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കിട്ടാാക്കടമായിരുന്നു. ഇത് കുറച്ചു കൊണ്ടുവരാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും നിര്‍മ്മല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com