ഇനി അപേക്ഷ വേണ്ട!, ആധാര്‍ നമ്പര്‍ മാത്രം മതി, ഉടന്‍ തന്നെ ഒടിപി നമ്പര്‍, പിന്നാലെ പാന്‍; ഈ മാസം തന്നെ പ്രാബല്യത്തില്‍

ആധാര്‍ വിവരങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം പാന്‍ കാര്‍ഡ് ഓണ്‍ലൈനായി നല്‍കുന്ന പദ്ധതി ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഇനി അപേക്ഷ വേണ്ട!, ആധാര്‍ നമ്പര്‍ മാത്രം മതി, ഉടന്‍ തന്നെ ഒടിപി നമ്പര്‍, പിന്നാലെ പാന്‍; ഈ മാസം തന്നെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം പാന്‍ കാര്‍ഡ് ഓണ്‍ലൈനായി നല്‍കുന്ന പദ്ധതി ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദ വിവരങ്ങള്‍ അടങ്ങുന്ന അപേക്ഷാ ഫോം ആവശ്യപ്പെടാതെ തന്നെ ഞൊടിയിടയില്‍ ഓണ്‍ലൈനായി പാന്‍ അനുവദിക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്.

കേന്ദ്രബജറ്റില്‍ പാന്‍ വേഗത്തില്‍ നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡ്യയാണ് ഈ മാസം തന്നെ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. 

ആധാര്‍ വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് പാന്‍ നല്‍കുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി പാന്‍ കാര്‍ഡിനായി എളുപ്പത്തില്‍ അപേക്ഷിക്കാവുന്ന വിധം നടപടികള്‍ ലഘൂകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആധാര്‍ നമ്പര്‍ നല്‍കുന്ന വേളയില്‍ തന്നെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി നമ്പര്‍ ലഭിക്കുന്ന വിധമാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

ഒടിപി ഉപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ പരിശോധിച്ചശേഷം പാന്‍ ഉടന്‍ തന്നെ അനുവദിക്കുന്ന വിധം ക്രമീകരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അജയ് ഭൂഷണ്‍ പാണ്ഡ്യ പറഞ്ഞു. തുടര്‍ന്ന് പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 

ഇത് അപേക്ഷ ഫോം പൂരിപ്പിക്കുന്നത് അടക്കമുളള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. നികുതി വകുപ്പിനെ സമീപിച്ച് മറ്റു നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നതിന്റെ പ്രയാസങ്ങളും ഒഴിവാക്കാം. അപേക്ഷകന്റെ മേല്‍വിലാസത്തിലേക്ക് പാന്‍കാര്‍ഡ് അയച്ചുകൊടുക്കുന്നതിന് വേണ്ടി വരുന്ന ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ഇതുവരെ 30 കോടി പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com