പെട്രോള്‍ 74ലേക്ക്; ഡീസല്‍ 69ല്‍; ഇന്ധന വിലയിലെ ഇടിവു തുടരുന്നു

ഇരുപതു ദിവസത്തിനിടെ രണ്ടു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസലിന് ഈ കാലയളവില്‍ കുറഞ്ഞത് രണ്ടര രൂപയിലേറെ
പെട്രോള്‍ 74ലേക്ക്; ഡീസല്‍ 69ല്‍; ഇന്ധന വിലയിലെ ഇടിവു തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ 26 പൈസയും കുറഞ്ഞു. ഇരുപതു ദിവസത്തിനിടെ രണ്ടു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസലിന് ഈ കാലയളവില്‍ കുറഞ്ഞത് രണ്ടര രൂപയിലേറെ. 

പെട്രോള്‍ ലിറ്ററിന് 74.48 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. ഇന്നലെ ഇത് 74.73 രൂപ ആയിരുന്നു. 69.06 ആണ് ഡീസല്‍ നിരക്ക്. വ്യാഴാഴ്ചയാണ് ഏറെക്കാലത്തിനു ശേഷം പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍താഴെ എത്തിയത്. അതിനു ശേഷം രണ്ടു ദിവസം കൊണ്ട് നാല്‍പ്പത്തിയഞ്ചു പൈസയുടെ കുറവുണ്ടായി.

ഇരുപതു ദിവസമായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില തുടര്‍ച്ചയായ ഇടിവു പ്രകടിപ്പിച്ചിരുന്നു. ചൈനയിലെ കൊറോണ ഭീതിയില്‍ ആവശ്യത്തില്‍ ഇടിവു വരുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ക്രൂഡ് വില ഉയര്‍ന്നെങ്കിലും രാജ്യത്ത് വിലയിടിവു തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com