മൂന്ന് ദിവസം പണിമുടക്ക്, മൂന്ന് ദിവസം അവധി; മാര്‍ച്ചില്‍ തുടര്‍ച്ചയായ ആറു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ സ്തംഭിച്ചേക്കും
മൂന്ന് ദിവസം പണിമുടക്ക്, മൂന്ന് ദിവസം അവധി; മാര്‍ച്ചില്‍ തുടര്‍ച്ചയായ ആറു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ സ്തംഭിച്ചേക്കും. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറുദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുളളത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ത്രിദിന പണിമുടക്കും ഹോളിയും രണ്ടാമത്തെ ശനിയാഴ്ചയും കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായ ആറു ദിവസം ഇടപാടുകാര്‍ വലയും.

മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് വിവിധ ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രമുഖ യൂണിയനുകളായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരം ചെയ്യുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ചയും 10 ചൊവ്വാഴ്ച ഹോളിയുമാണ്. ഈ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചുരുക്കത്തില്‍ 9-ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നീട് അടുത്ത തിങ്കളാഴ്ച വരെ ഇടപാടുകാര്‍ കാത്തിരിക്കേണ്ടി വരും.

ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ബാങ്കുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ജനുവരി എട്ടിനും ജനുവരി 31 ഒന്ന് തീയതികളിലും ബാങ്കുകള്‍ പണിമുടക്കിയിരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ 12.5 ശതമാനം ശമ്പള വര്‍ധന മുന്നോട്ടുവച്ചു എങ്കിലും ഇത് യൂണിയനുകള്‍ക്ക് സ്വീകാര്യമല്ല. വരും ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ സമവായമായില്ല എങ്കില്‍ ആറുദിവസം ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ഇടപാടുകാര്‍ വലയേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com