നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ? വിലക്ക് വീഴും, മുന്നറിയിപ്പ്

ട്രായ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി
നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ? വിലക്ക് വീഴും, മുന്നറിയിപ്പ്

പഭോക്താക്കള്‍ തങ്ങളുടെ പ്രാഥമിക ഫോണ്‍ കണക്ഷന്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഫോണ്‍ കോളുകളോ സന്ദേശങ്ങളോ പ്രൈമറി കണക്ഷനില്‍ നിന്നാകരുതെന്നാണ് പുതിയ നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നത് നമ്പറുകള്‍ ബ്ലാക്ലിസ്റ്റ് ചെയ്യപ്പെടാനോ ഉപയോഗം വിലക്കാനോ കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്.

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പുറമേ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ടിസിസിസിപിആര്‍ 2018 എന്ന പേരില്‍ ട്രായ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതിനൊപ്പം വാണിജ്യ സേവനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ പോര്‍ട്ടലും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഡിഎല്‍ടി എന്ന പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താവിന്റെ നമ്പര്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

ഉപയോക്താക്കളെല്ലാം ഈ സേവനം ഉപയോഗിക്കണമെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പ്രമോഷനുകളെ നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. പ്രമോഷനുകള്‍ സ്വീകരിക്കാണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഉപയോക്താക്കളുടെ തീരുമാനമാണ്. പരസ്യ കോളുകള്‍ ആഗ്രഹിക്കുന്ന ഉത്പന്ന വിഭാഗം, ആശയവിനിമയത്തിന് തിരഞ്ഞെടുക്കുന്ന ദിവസം, സമയം, രീതി എന്നിവ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന പ്രമോഷനുകളെ നിയന്ത്രിക്കാന്‍ സാധിക്കും.

ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള കോളുകള്‍ ചെയ്യുകയോ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യേണ്ട സ്ഥാപനങ്ങള്‍ ഡിഎല്‍ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ പ്രത്യേക നമ്പര്‍ സീരിസില്‍ ഉള്ളതായിരിക്കും.

ബിഎസ്എന്‍എല്ലിന് പുറമേ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരും വാണിജ്യ ആവശ്യങ്ങള്‍ക്കായി സൗജന്യ കോള്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവരും രംഗത്തുണ്ട്. പ്രാഥമിക നമ്പര്‍ ഉപയോഗിച്ച് വാണിജ്യ ആവശ്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്പനികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com