എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ചെലവേറിയതാകുമോ?; ഫീസ് ഉയര്‍ത്തണമെന്ന് എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ

എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ചെലവേറിയതാകുമോ?; ഫീസ് ഉയര്‍ത്തണമെന്ന് എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ

മുംബൈ: എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ. മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആ ബാങ്കിന് അക്കൗണ്ടുളള ബാങ്ക് നല്‍കുന്ന ഫീസാണിത്. ഇത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.

നിലവില്‍ ആദ്യ അഞ്ചു ഇടപാടുകള്‍ സൗജന്യമാണ്. അതിന് ശേഷമുളള ഓരോ ഇടപാടിനും ഉപഭോക്താവില്‍ നിന്ന് 15 രൂപ ഫീസായി ഈടാക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുളളത്. എടിഎം മെഷീനുകളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് നടത്തിപ്പ് ചെലവുയര്‍ത്തിയിട്ടുണ്ട്. പരിപാലനച്ചെലവ് ഉയര്‍ന്നതനുസരിച്ച് വരുമാനം കൂടിയിട്ടില്ല. ഇപ്പോഴത്തെ നിരക്കില്‍ പ്രവര്‍ത്തനം ലാഭകരമല്ല. മാത്രമല്ല, ഇത് പുതിയ മെഷീനുകള്‍ സ്ഥാപിക്കാനുളള ശേഷി കുറയ്ക്കുന്നു. അതുകൊണ്ട് ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കണമെന്നാണ്  എടിഎം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത്.

എടിഎം സേവനം കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ 2019ല്‍ ആര്‍ബിഐ ആറംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഡിസംബറില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിലും ഫീസ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്. പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുളള സ്ഥലങ്ങളില്‍ ആറ് സൗജന്യ ഇടപാടുകളും അതിന് ശേഷമുളള ഓരോ ഇടപാടിനും 18 രൂപയുടെ സാമ്പത്തികേതര ഇടപാടിന് എട്ടുരൂപയും ഈടാക്കണം. 

പത്തുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുളള ഇടങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടും അതിന് ശേഷമുളള ഓരോ ഇടപാടിനും 17 രൂപയും സാമ്പത്തികേതര ഇടപാടിന് ഏഴു രൂപയും ഫീസ് ഈടാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ആര്‍ബിഐ ഇതുവരെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com