കള്ളവണ്ടിക്കാരിലൂടെ റെയില്‍വേക്ക് അടിച്ചത് 1.10 കോടി; റെക്കോര്‍ഡിട്ട് പാലക്കാട് ഡിവിഷന്‍ 

ജനുവരിയില്‍ സ്റ്റേഷനുകളില്‍ 1006 പരിശോധനയും, ട്രെയ്‌നുകളില്‍ 3195 പരിശോധനയുമാണ് നടന്നത്
കള്ളവണ്ടിക്കാരിലൂടെ റെയില്‍വേക്ക് അടിച്ചത് 1.10 കോടി; റെക്കോര്‍ഡിട്ട് പാലക്കാട് ഡിവിഷന്‍ 


കോഴിക്കോട്: ടിക്കറ്റെടുക്കാതെ ഫ്രീ യാത്ര പതിവാക്കിയവരെ പിടിക്കാനുള്ള പരിശോധന കര്‍ശനമാക്കിയപ്പോള്‍ പാലക്കാട് ഡിവിഷന് ജനുവരിയില്‍ ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. ടിക്കറ്റ് പരിശോധനയിലൂടെ 1.10 കോടി രൂപയാണ് പാലക്കാടിന് ലഭിച്ചത്. 

കള്ളവണ്ടിക്കാരെ പിടിക്കാന്‍ ഡിസംബര്‍ മുതലാണ് പഴുതടച്ചുള്ള പരിശോധന റെയില്‍വേ ആരംഭിച്ചത്. 2019 ഡിസംബറില്‍ 1.02 കോടി രൂപ പരിശോധനയിലൂടെ ലഭിച്ചു. ജനുവരിയായപ്പോഴേക്കും അത് 1.10 കോടി രൂപയായി. 

ജനുവരിയില്‍ സ്റ്റേഷനുകളില്‍ 1006 പരിശോധനയും, ട്രെയ്‌നുകളില്‍ 3195 പരിശോധനയുമാണ് നടന്നത്. ടിക്കറ്റില്ലാതെ പിടികൂടിയത് 25849 യാത്രക്കാരെ. ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലും എ സി കമ്പാര്‍ട്ട്‌മെന്റിലും യാത്ര ചെയ്യല്‍, ടിക്കറ്റ് എടുത്ത് സ്റ്റേഷനില്‍ ഇറങ്ങാതിരിക്കല്‍ എന്നിവയില്‍ ചുമത്തിയ പിഴ ഇനത്തില്‍ 2.03 കോടി രൂപയും ലഭിച്ചു. ഇതും റെക്കോര്‍ഡ് തുകയാണ്. 

സ്‌പെഷ്യല്‍ സ്‌ക്വാഡിനേയും പരിശോധനക്ക് നിയോഗിച്ചിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരില്‍ സ്ത്രീകളും പിന്നോട്ടല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. വനിതാ ടിടിഇമാരെയാണ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിയോഗിച്ചത്. 

റെയില്‍വേയുടെ പരിശോധന കര്‍ശനമായതോടെ സെക്കന്‍ഡ് ക്ലാസ് സീസണ്‍ ടിക്കറ്റ് വില്‍പ്പനയില്‍ 3.09 ശതമാനവും, സാധാരണ ടിക്കറ്റില്‍ 7.37 ശതമാനവും വര്‍ധനവുണ്ടായി. കേരളത്തില്‍ യാത്രക്കാര്‍ കൂടിയിട്ടും ആനുപാതികമായി വരുമാനം ഉയരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com