സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ ഇനി അത്ര സ്വകാര്യമല്ല, ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2020 12:40 PM |
Last Updated: 22nd February 2020 12:40 PM | A+A A- |

സ്വകാര്യ സന്ദേശങ്ങളും വിവരങ്ങളും കൈമാറാന്‍ വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിങ്ങള്‍ അംഗമായിരിക്കുന്ന പ്രൈവറ്റ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമായി തുടങ്ങി എന്നതാണ് ടെക്ക് ലോകത്തെ പുതിയ വിവരം. പ്രൈവറ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാനുള്ള ലിങ്കുകള്‍ ഗൂഗിളില്‍ ലഭ്യമായതോടെയാണ് ഇത്.
ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റുകള്‍ കാണാനാകും എന്ന് മാത്രമല്ല ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ ആരൊക്കെയെന്നും അവരുടെ ഫോണ്‍ നമ്പറും ഇതുവഴി ലഭിക്കും. ഗൂഗിളിന്റെ ഇന്‍വൈറ്റ് ടു ഗ്രൂപ്പ് എന്ന ലിങ്ക് വഴിയാണ് ഇത് നടക്കുന്നത്. http://chat.whatsapp.com എന്ന ലിങ്കിലൂടെ അഞ്ച് ലക്ഷത്തോളം വാട്‌സാപ്പ് ഗ്രൂപ്പ് റിസള്‍ട്ടുകളാണ് ഗുഗിളില്‍ ലഭിക്കുന്നത്.
ഇന്‍വൈറ്റ് ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് വാട്‌സാപ്പ് വക്താവ് എലിസണ്‍ ബോണിയും സ്ഥിരീകരിച്ചു. സ്വകാര്യത വേണമെന്ന് ഉപഭോക്താക്കള്‍ കരുതുന്ന കണ്ടെന്റുകളുടെ ലിങ്കുകള്‍ പൊതുവായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യരുതെന്നും ബോണി നിര്‍ദേശിച്ചു.