റെക്കോർഡുകൾ തിരുത്തി സ്വർണവില; നാല് ദിവസം കൂടിയത് 1080 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2020 07:51 AM |
Last Updated: 23rd February 2020 07:51 AM | A+A A- |
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്നലെ പവന് 200 രൂപ ഉയർന്നതോടെ വില 31,480 രൂപയിലേക്കെത്തി. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3935ലേക്കെത്തി. കഴിഞ്ഞ നാല് ദിവസങ്ങളിൽ 1080 രൂപയുടെ വിലവർദ്ധനവാണ് ഉണ്ടായത്.
രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവില ഉയരാൻ കാരണം. സ്വർണത്തിന് പുറമേ വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വിലയിലും വർദ്ധനവുണ്ട്.