ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ; പുതുവര്‍ഷത്തിലെ ഈ എട്ടുമാറ്റങ്ങള്‍ ശ്രദ്ധിക്കൂ...

ഷോപ്പിങ്, ബാങ്കിങ്, വാഹനം വാങ്ങല്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്
ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ; പുതുവര്‍ഷത്തിലെ ഈ എട്ടുമാറ്റങ്ങള്‍ ശ്രദ്ധിക്കൂ...

ന്യൂഡല്‍ഹി:  ഷോപ്പിങ്, ബാങ്കിങ്, വാഹനം വാങ്ങല്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, മൊബൈലിലെ വാട്‌സ് ആപ്പ് ഉപയോഗം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി കാര്യങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്.  ആ മാറ്റങ്ങള്‍ ചുവടെ:

1 പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി. മാര്‍ച്ച് വരെയാണ് നീട്ടിയത്. മാര്‍ച്ചിനകം ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ സേവനം തുടര്‍ന്ന് ലഭ്യമാകില്ലെന്നാണ് മുന്നറിയിപ്പ്. പാന്‍ ഉപയോഗശൂന്യമായി പോകാനുളള സാധ്യത പോലും തളളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ ഡിസംബര്‍ 31ന് സമയപരിധി അവസാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി വീണ്ടും നീട്ടിയത്.

2 നെഫ്റ്റ് ഇടപാടുകള്‍

നെഫ്റ്റ് വഴിയുളള പണമിടപാടുകള്‍ക്ക് ഇന്ന് മുതല്‍ സൗജന്യം. ഈ സേവനം ഉപയോഗിക്കുന്നവരില്‍ നിന്ന് നിരക്ക് ഈടാക്കരുതെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമാണ് പ്രാബല്യത്തില്‍ വന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍

3 മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് ചാര്‍ജ്

റുപേ, യുപിഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ഇന്നുമുതല്‍ ബാങ്കുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്ക് നല്‍കേണ്ടതില്ല. ബാങ്ക് നല്‍കുന്ന സേവനത്തിനാണ് വ്യാപാരികളില്‍ നിന്ന് നിരക്ക് ഈടാക്കിയിരുന്നത്. നിലവില്‍ ഈ ചെലവ് ബാങ്കുകള്‍ വഹിക്കേണ്ടി വരും.ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് വ്യാപാരികളെ കൂടുതലായി ആകര്‍ഷിക്കാനാണ് ഈ പരിഷ്‌കരണം. 

4 ഇപിഎഫ്ഒ പെന്‍ഷന്‍

ഇപിഎഫ്ഒയുടെ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനഃസ്ഥാപിച്ചതാണ് മറ്റൊരു പരിഷ്‌കാരം. മുന്‍കൂറായി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന്് ഭാഗികമായി പണം പിന്‍വലിക്കാനുളള സൗകര്യവും പുനഃസ്ഥാപിച്ചു. 6,30,000 പെന്‍ഷന്‍കാര്‍ക്ക് ഇത് ഗുണം ചെയ്യും. മുന്‍കൂറായി പിന്‍വലിക്കുന്ന പണം പതിനഞ്ച് വര്‍ഷം കൊണ്ട് കൊടുത്ത് തീര്‍ത്തശേഷം മുഴുവന്‍ പെന്‍ഷനും വാങ്ങാനുളള അര്‍ഹതയാണ് തിരിച്ചുകിട്ടിയിരിക്കുന്നത്.

5 എസ്ബിഐ എടിഎമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍

ഇന്നുമുതല്‍ രാത്രികാലങ്ങളില്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തി.രാത്രി എട്ടുമുതല്‍ രാവിലെ എട്ടുമണിവരെയുളള പണമിടപാടുകള്‍ക്കാണ് മൊബൈല്‍ ഫോണ്‍ ആവശ്യമായി വന്നിരിക്കുന്നത്. ഇടപാടിനിടെ, ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.

6 ഈ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായി

എസ്ബിഐ ഉള്‍പ്പെടെ എല്ലാ ബാങ്കുകളുടെയും മാഗ്‌നെറ്റിക് കാര്‍ഡുകള്‍ ഇന്നുമുതല്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഇനി ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.


7 വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

പുതുവര്‍ഷത്തില്‍ ടാറ്റാ മോട്ടേഴ്‌സ്, ടൊയോട്ട, മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യൂണ്ടായി, തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. ഇരുചക്രവാഹനങ്ങളുടെ വിലയിലും വര്‍ധന വരുത്തിയിട്ടുണ്ട്. ഉല്‍പ്പാന ചെലവ് വര്‍ധിച്ചു എന്നതാണ് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

8 വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമായി


വിന്‍ഡോസ് ഫോണുകളുമായുളള സഹകരണം വാട്‌സ് ആപ്പ് അവസാനിപ്പിച്ചു. അതായത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല.

ഇതൊടൊപ്പം വിവിധ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും വൈകാതെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും വാട്‌സ് ആപ്പ് തീരുമാനിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com