സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ കരുതിയിരിക്കുക!; എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം, ബാങ്കിങ് ട്രോജനുകളെ സൂക്ഷിക്കാന്‍ മുന്നറിയിപ്പ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ കരുതിയിരിക്കുക!; എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം, ബാങ്കിങ് ട്രോജനുകളെ സൂക്ഷിക്കാന്‍ മുന്നറിയിപ്പ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് വേഗത വര്‍ധിക്കുന്നതിന് സമാനമായി സൈബര്‍ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിക്കാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്ന് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഗ്രാന്‍ഡ് തോണ്‍ടണിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുളള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താനുളള അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വിവരങ്ങളുടെ ചോര്‍ച്ചയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഈ വര്‍ഷവും ഇത് ഉയരാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊബൈല്‍ കേന്ദ്രീകരിച്ചുളള മാല്‍വെയറുകളുടെയും ബാങ്കിങ് ട്രോജനുകളുടെയും വര്‍ധന സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുളള നൂതന സാങ്കേതികവിദ്യകള്‍ ഹാക്കര്‍മാര്‍ ആശ്രയിക്കുന്നതാണ് ഈ വര്‍ഷം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിന്റെ മുഖ്യ കാരണമെന്ന് ഗ്രാന്‍ഡ് തോണ്‍ടണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഫൈവ് ജിയിലേക്ക് ലോകം പൂര്‍ണമായി മാറി കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇന്റര്‍നെറ്റ് വേഗതയും വര്‍ധിച്ചിട്ടുണ്ട്. ഇതിന് സമാനമായി ഡേറ്റ ചോര്‍ത്തുന്നത് അടക്കമുളള സൈബര്‍ ആക്രമണങ്ങളും ഉയരുന്നത് ആശങ്കയോടെ കാണണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷാഭീഷണിയെ നേരിടാന്‍ കരുതലോടെയുളള  ഇടപെടല്‍ വേണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിതാന്ത ജാഗ്രത ഉറപ്പുവരുത്താന്‍ തുടര്‍ച്ചയായുളള നിരീക്ഷണം ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ക്ക് കമ്പനികള്‍ രൂപം നല്‍കണം. സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെയുളള ചട്ടക്കൂടിന് രൂപം നല്‍കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങളില്‍ നല്ലൊരു ഭാഗവും മനുഷ്യന്റെ പിഴവ് കൊണ്ട് സംഭവിക്കാനുളള സാധ്യതയാണ് കൂടുതല്‍.സാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം ഓരോ 14 സെക്കന്‍ഡിലും കമ്പനികളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com