വിലവര്‍ധനയ്ക്ക് ഒരുങ്ങി എഫ്എംസിജി കമ്പനികള്‍; നിത്യോപയോഗ സാധനങ്ങളുടെ ചെലവേറും, കുടുംബ ബജറ്റ് താളംതെറ്റും
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 11:13 AM |
Last Updated: 02nd January 2020 11:13 AM | A+A A- |

ന്യൂഡല്‍ഹി: കുടുംബ ബജറ്റുകളെ താളം തെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കാന്‍ പോകുന്നു. നിലവില്‍ ഇന്ധന വിലവര്‍ധനയും സവാള അടക്കമുളള പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നതും കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പതിവായി ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ പോകുന്നത് കുടുംബങ്ങള്‍ക്ക് ഇരട്ടി പ്രഹരമാകും.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന ഉപഭോക്തൃ ഉല്‍പ്പനങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ഐടിസി, ബ്രിട്ടാനിയ ഉള്‍പ്പെടെയുളള എഫ്എംസിജി കമ്പനികള്‍ പറയുന്നു. ഈ മാസം മുതല്‍ വില ഉയരാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്.
പ്രതിദിനമെന്നോണം ഇന്ധനവില ഉയരുകയാണ്. ഇതൊടൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നതും ഉല്‍പ്പനങ്ങളുടെ വില വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലാത്ത അവസ്ഥ സൃഷ്ടിച്ചതായി കമ്പനികള്‍ പറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയെ തുടര്‍ന്ന് ഉപഭോഗം കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ത്താനുളള കമ്പനികളുടെ നീക്കം.
വിലക്കയറ്റത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കമ്പനികള്‍ തന്നെ പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയര്‍ന്നത് ഉല്‍പ്പനങ്ങളുടെ വില അതേപോലെ നിലനിര്‍ത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഉല്‍പ്പനങ്ങളുടെ വില വര്‍ധിപ്പിക്കാതെ മറ്റുവഴികള്‍ ഇല്ലെന്നും കമ്പനികള്‍ പറയുന്നു.
അസംസ്‌കൃത വസ്തുക്കളായ പാല്‍, ഭക്ഷ്യ എണ്ണ, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉല്‍പ്പനങ്ങളുടെ വില ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉല്‍പ്പനങ്ങളുടെ വില വര്‍ധിപ്പിക്കുകയോ, ഉല്‍പ്പനത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.
അടുത്തിടെ, ഗോതമ്പുപൊടിയുടെ വിലയില്‍ 18 മുതല്‍ 20 ശതമാനം വരെ വില വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ വിലയില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ വര്‍ധന ഉണ്ടായിട്ടുണ്ട്്. പഞ്ചസാര, കാലിത്തീറ്റ തുടങ്ങിയവയുടെ വിലയില്‍ യഥാക്രമം 15 ശതമാനം, 35 ശതമാനം എന്നിങ്ങനയാണ് വിലവര്‍ധന. ശീതികരണ സംവിധാനവും ചെലവേറിയതായി. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്തൃ ഉല്‍പ്പനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ പ്രമുഖ പാല്‍ വിതരണ കമ്പനിയായ അമുല്‍ പാലിന്റെ വിലയില്‍ ലിറ്ററിന് രണ്ടുരൂപ വര്‍ധിപ്പിച്ചിരുന്നു.