രാജ്യമൊട്ടാകെ ഒരേ നിരക്ക്, കുറഞ്ഞ ചെലവില്‍ ചികിത്സ, പരമാവധി തുക 5 ലക്ഷം; സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പോളിസി വേണം, നിര്‍ദേശം

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശമാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചത്
രാജ്യമൊട്ടാകെ ഒരേ നിരക്ക്, കുറഞ്ഞ ചെലവില്‍ ചികിത്സ, പരമാവധി തുക 5 ലക്ഷം; സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പോളിസി വേണം, നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി കമ്പനികള്‍ വ്യത്യസ്ത ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒട്ടനവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ പുറത്തിറക്കിയിട്ടുണ്ട്. കമ്പനികള്‍ നല്‍കുന്ന സേവനത്തിന് അനുസരിച്ച് പോളിസി പ്രീമിയം വ്യത്യസ്തമായിരിക്കും. പലപ്പോഴും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തുക സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. കുറഞ്ഞ നിരക്കില്‍ ഒരു കുടുംബത്തിന് അടിസ്ഥാനപരമായി വരുന്ന ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശമാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചത്. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വരുന്ന ചികിത്സാ ആവശ്യങ്ങള്‍  നിറവേറ്റാന്‍ സാധാരണ നിലയിലുളള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിക്ക് രൂപം നല്‍കാന്‍ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദേശം നല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ ഇത് നടപ്പാക്കണമെന്നും ഐആര്‍ഡിഎയുടെ ഉത്തരവില്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് പോളിസിക്ക്  ഒരേ നിരക്കായിരിക്കണം എല്ലാ കമ്പനികളും ഈടാക്കേണ്ടതെന്ന് ഐആര്‍ഡിഎ നിര്‍ദേശിക്കുന്നു.

ആരോഗ്യ സഞ്ജീവിനി പോളിസി എന്നാണ് ഈ പദ്ധതിക്ക് ഐആര്‍ഡിഎ നല്‍കിയിരിക്കുന്ന പേര്. ഒരേ നിരക്കും, ഒരേ സേവനങ്ങളും ലഭിക്കുന്ന ആരോഗ്യ സഞ്ജീവിനി പോളിസി എല്ലാ കമ്പനികളും പുറത്തിറക്കണം. പൊതുവായ സ്വഭാവമുളള ഈ പോളിസിയുടെ പേരിന്റെ കൂടെ കമ്പനികള്‍ക്ക് അവരുടെ പേരും നല്‍കാവുന്നത്. ഉദാഹരണമായി ആരോഗ്യ സഞ്ജീവനി പോളിസി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിങ്ങനെ.

ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയായിരിക്കാണ് പോളിസി തുക. 18 മുതല്‍ 65 വയസ്സുവരെയുളളവര്‍ക്ക് ചേരാന്‍ കഴിയുന്ന വിധമാകണം പോളിസി.  കുടുംബാംഗങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഫാമിലി ഫ്‌ലോട്ടര്‍ രീതിയിലായിരിക്കണം പോളിസി. ഓരോ വര്‍ഷത്തേക്കും പ്രീമിയം ഈടാക്കുന്ന രീതിയിലായിരിക്കണം പോളിസി. ഇന്‍ഷുറന്‍സ് കവര്‍ കിട്ടുന്ന നിര്‍ബന്ധിത സേവനങ്ങളെല്ലാം ഉള്‍പ്പെടണം. എന്നാല്‍ 'ഓപ്ഷനല്‍', 'ആഡ് ഓണ്‍', 'ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍' തുടങ്ങിയ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല.

ആശുപത്രിയിലെ കിടത്തി ചികിത്സയുടെ ചെലവുകള്‍, ആശുപത്രി വാസത്തിന് 30 ദിവസം മുന്‍പു മുതലുള്ള ചികിത്സാ ചെലവുകള്‍, ഡിസ്ചാര്‍ജിനു ശേഷം 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.തിമിര ശസ്ത്രക്രിയ പോലെ കിടത്തി ചികിത്സ വേണ്ടാത്തവയ്ക്കുള്ള ചെലവുകളും ഇന്‍ഷുറന്‍സ് കവറില്‍ ഉള്‍പ്പെടണം.

പോളിസി പുതുക്കല്‍ കൃത്യമായി നടന്നാല്‍, ക്ലെയിമില്ലാത്ത ഓരോ വര്‍ഷവും കഴിയുമ്പോള്‍ 5% ഇന്‍ഷുറന്‍സ് തുക കൂട്ടണം. പരമാവധി 50% ഇങ്ങനെ തുക കൂട്ടാം.നിര്‍ബന്ധമായും പോളിസി ഉടമയില്‍നിന്ന് നിശ്ചിത തുക (ഡിഡക്ടിബിള്‍) ഈടാക്കുന്ന രീതി പാടില്ലെന്നും ഐആര്‍ഡിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com