ചാര്‍ജ് നില്‍ക്കുന്നില്ല എന്ന വിഷമം ഇനിവേണ്ട!; അഞ്ചുദിവസം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം, ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ വരെ കാര്‍ ഓടിക്കാം; പുതിയ സാങ്കേതികവിദ്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2020 02:51 PM |
Last Updated: 05th January 2020 02:51 PM | A+A A- |

എല്ലാ സേവനങ്ങളും ഞൊടിയിടയില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ തേടിയുളള പരക്കംപാച്ചിലാണ് എവിടെയും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുംവിധമുളള ബാറ്ററി ലൈഫിനും ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കുന്നുണ്ട്. രണ്ടുദിവസത്തിലധികം സമയം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാത്തവരും ചുരുക്കമാണ്.ഇതിന് പരിഹാരമെന്നോണം തുടര്‍ച്ചയായി അഞ്ചുദിവസം വരെ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ ആയിരം കിലോമീറ്റര്‍ വരെ ഇലക്ട്രിക് കാര്‍ ഓടിക്കാന്‍ കഴിയുന്നതാണ് ഈ ബാറ്ററി സാങ്കേതികവിദ്യയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ലിഥിയം- അയോണ്‍ സംയുക്തത്തെ അടിസ്ഥാനമാക്കിയുളള ബാറ്ററിയില്‍ നിന്ന് വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. ലിഥിയവും സള്‍ഫറും ഉപയോഗിച്ചാണ് പുതിയ ബാറ്ററി പ്രവര്‍ത്തിപ്പിക്കുക. ഉയര്‍ന്ന ശേഷിയാണ് ഇതിന് ഗവേഷകര്‍ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയ്ക്ക് പുറമേ പേസ്‌മേക്കറിന് പോലും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്നതാണ് പുതിയ തരം ബാറ്ററി സാങ്കേതികവിദ്യ.
രണ്ടുമുതല്‍ നാലുവര്‍ഷത്തിനകം പുതിയ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയയിലെ മോണാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷം തന്നെ കാറിലും മറ്റും പരീക്ഷണം നടത്തും. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വലിയ തോതിലുളള സാമ്പത്തിക സഹായമാണ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ വാഹനവിപണിയില്‍ ഇത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഗുണനിലവാരം കൂടിയതും വിശ്വാസയോഗ്യവുമായ ഊര്‍ജ്ജം ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പരമ്പരാഗതമായി ആശ്രയിക്കുന്ന ലിഥിയം- അയോണ്‍ ബാറ്ററിക്ക് ബദല്‍ കണ്ടെത്തുന്നതിന് വിവിധ ടെക്‌നോളജി കമ്പനികള്‍ ശ്രമം നടത്തിവരികയാണ്.ഈ സമയത്താണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.