2000 രൂപ വരെയുളള ഇടപാടിന് ഇനി ഒടിപി വേണ്ട; സുരക്ഷിത സംവിധാനവുമായി ഫ്ളിപ്പ്കാര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 12:57 PM |
Last Updated: 06th January 2020 12:57 PM | A+A A- |

ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകളില്‍ ഒടിപി ഇന്ന് സര്‍വ്വസാധാരണമാണ്. ഒടിപി നമ്പര്‍ അടിച്ചുകൊടുത്തില്ലായെങ്കില്‍ ഇടപാട് പൂര്‍ത്തിയാവില്ല എന്നത് സാമാന്യവിവരമായി മാറികഴിഞ്ഞിട്ടുണ്ട്.പലപ്പോഴും ഇത്തരത്തില്‍ ഒടിപി നമ്പര്‍ കൈമാറിയുളള ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൈ പൊളളിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തട്ടിപ്പുകാര്‍ ഇത് അവസരമായി കണ്ട് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന കേസുകള്‍ നിരവധിയാണ് പുറത്തുവരുന്നത്.
ഒടിപി എന്ന തലവേദന ഒഴിവാക്കി സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാട് നടത്താനുളള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട്. 2000 രൂപ വരെയുളള ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്തുന്നതിനുളള സംവിധാനമാണ് ഫ്ളിപ്പ്കാര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവനദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാക്കുന്നത്. വിസ സേഫ് ക്ലിക്ക് എന്ന പേരിലുളള ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി 2000 രൂപ വരെയുളള ഫ്ളിപ്പ്കാര്‍ട്ട് ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നിര്‍വഹിക്കാന്‍ സാധിക്കും.
ഈ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഒടിപി ഇല്ലാതെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമായി ഫ്ളിപ്പ്കാര്‍ട്ട് മാറും. സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനമാണ് ഈ ആപ്പില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒടിപി വഴിയുളള ഇടപാടുകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ ഇത് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആകര്‍ഷണീയമായ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്ന് ഫ്ളിപ്പ്കാര്‍ട്ട് വ്യക്തമാക്കുന്നു.
ഇടപാടിന് അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഒടിപി സംവിധാനം കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ചെറിയ ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കുന്നത് ഒരു ബുദ്ധിമുട്ടായി കാണുന്നവര്‍ കൂട്ടത്തിലുണ്ട്. ടിക്കറ്റ് വാങ്ങുന്നത് ഉള്‍പ്പെടെയുളള ചെറിയ ഇടപാടുകള്‍ സുഗമമായി പൂര്‍ത്തികരിക്കാന്‍ ഇടപാടുകാരെ സഹായിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ഉദ്ദേശമെന്ന് ഫ്ളിപ്പ്കാര്‍ട്ട് പറയുന്നു.