ആധാറുമായി ബാങ്ക് അക്കൗണ്ട് ഇനിയും ബന്ധിപ്പിച്ചില്ലേ?; ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല, അറിയേണ്ടതെല്ലാം

ടോള്‍ പ്ലാസകളില്‍ ടോള്‍ തുക അടയ്ക്കുന്നതിനുളള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധം
ആധാറുമായി ബാങ്ക് അക്കൗണ്ട് ഇനിയും ബന്ധിപ്പിച്ചില്ലേ?; ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല, അറിയേണ്ടതെല്ലാം

കൊച്ചി: ടോള്‍ പ്ലാസകളില്‍ ടോള്‍ തുക അടയ്ക്കുന്നതിനുളള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധം. ഫാസ്ടാഗ് വാങ്ങുന്നതിന് ബാങ്കുകളെയും ടോള്‍ ഗേറ്റുകളെയും സമീപിച്ച വാഹന ഉടമകളോട് ആധാര്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് കെവൈസി അപേക്ഷ പൂരിപ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് ദേശീയപാത അതോറിറ്റിയും സ്ഥിരീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ നിര്‍ബന്ധമായി ആധാര്‍ നമ്പര്‍ നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഫാസ്ടാഗ് എടുക്കുന്നതിനും വാഹന ഉടമകള്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നത്. ആധാര്‍ ഇല്ലാതെ, മൊബൈല്‍ ആപ്പിലെ ഫാസ്ടാഗ് അക്കൗണ്ട് വഴിയുളള റീച്ചാര്‍ജ് സാധ്യമാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

വാഹന ഉടമയുടെ തന്നെ ആധാര്‍ നമ്പര്‍ വേണമെന്നില്ല എന്ന് ദേശീയ പാത അതോറിറ്റി പറയുന്നു. ബാങ്ക് അക്കൗണ്ടുളള ഏത് കുടുംബാംഗത്തിന്റെയോ, സുഹൃത്തിന്റെയോ ആധാര്‍ മതി. ഒരു ഫാസ്ടാഗ് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.മൈ ഫാസ്ടാഗ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. എങ്കില്‍ മാത്രമേ ഓണ്‍ലൈനായി റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുളളൂ. അല്ലാത്തപക്ഷം ബാങ്കിലോ, ടോള്‍ ഗേറ്റിലോ നേരിട്ട് പോയി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടി വരും.

ടോള്‍ പ്ലാസകളിലൂടെ വാഹനം കടന്നുപോകണമെങ്കില്‍, ജനുവരി 15 കഴിഞ്ഞാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്. ഫാസ് ടാഗിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് കഴിഞ്ഞമാസം ഒരു മാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. ഇപ്പോള്‍ ഫാസ്ടാഗ് എടുക്കുന്നതിനുളള തിരക്കിലാണ് വാഹന ഉടമകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com